യുഎഇയിൽ ചൊവ്വാഴ്ച വരെ അസ്ഥിര കാലാവസ്ഥ, ജാഗ്രതാ നിർദേശം
യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ അസ്ഥിരമാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.ഇന്ന് പൊതുവേ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. ചിലയിടങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഉച്ചയ്ക്കുശേഷം കിഴക്കൻ, തെക്കൻ മേഖലകളിൽ രൂപപ്പെടുന്ന ഇടിമേഘങ്ങൾ പിന്നീട് ഉൾപ്രദേശങ്ങളിലേക്കും വ്യാപിച്ചേക്കും. ഇതിന്റെ ഭാഗമായി വിവിധ തീവ്രതയിൽ മഴ ലഭിക്കാം.
തെക്കുകിഴക്കൻ, വടക്കുകിഴക്കൻ ദിശകളിൽ മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും. ഇടിക്കൊപ്പം കാറ്റിന്റെ വേഗം മണിക്കൂറിൽ 50 കിലോമീറ്റർ വരെയാകാം. ഇതോടെ പൊടിപടലങ്ങൾ ഉയരാനും കാഴ്ചപരിധി കുറയാനും സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അറബിക്കടലിലും ഒമാൻ കടലിലും കടൽ പൊതുവേ ശാന്തമായിരിക്കും.
രാജ്യത്ത് ചൂട് തുടരാനും സാധ്യതയുണ്ട്. ഉൾപ്രദേശങ്ങളിൽ ഉയർന്ന താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. അബുദാബിയിലും അൽഐനിലും 46 ഡിഗ്രിയും ദുബായിലും ഷാർജയിലും 45 ഡിഗ്രിയും റാസൽഖൈമയിൽ 46 ഡിഗ്രിയും രേഖപ്പെടുത്തുമെന്നാണ് പ്രവചനം. ലിവയിൽ 48 ഡിഗ്രിയും റുവൈസിലും അൽ സിലയിലും 47 ഡിഗ്രിയും വരെ ചൂട് ഉയർന്നേക്കും. ഫുജൈറയിൽ താരതമ്യേന കുറഞ്ഞ 39 ഡിഗ്രിയായിരിക്കും ഉയർന്ന താപനില. തീരപ്രദേശങ്ങളിലും ദ്വീപുകളിലും ചിലയിടങ്ങളിൽ ഈർപ്പം 85 ശതമാനം വരെ ഉയരാനും സാധ്യതയുണ്ട്.
