യുഎഇയിലെ ഇന്ത്യൻ കോൺസുലേറ്റിൽ വാക്ക്-ഇൻ സേവനങ്ങൾ നിർത്തലാക്കി

  1. Home
  2. Global Malayali

യുഎഇയിലെ ഇന്ത്യൻ കോൺസുലേറ്റിൽ വാക്ക്-ഇൻ സേവനങ്ങൾ നിർത്തലാക്കി

passport


 

ഇന്ത്യൻ കോൺസുലേറ്റിൽ പാസ്‌പോർട്ട്, വീസ, സാക്ഷ്യപ്പെടുത്തൽ (അറ്റസ്റ്റേഷൻ) ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി നേരിട്ടെത്തുന്ന (വാക്ക്-ഇൻ) രീതി പൂർണമായി നിർത്തലാക്കി. അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന്റെ കീഴിലുള്ള പുതിയ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളുടെ (ഐസിഎസി) പ്രവർത്തനം ആരംഭിക്കുന്നതിലുണ്ടായ കാലതാമസത്തെത്തുടർന്ന് കോൺസുലേറ്റിൽ അനുഭവപ്പെടുന്ന കടുത്ത തിരക്ക് നിയന്ത്രിക്കാനും ഭരണപരമായ സൗകര്യങ്ങൾക്കുമായാണ് ഈ പുതിയ പരിഷ്കാരം. ഇനി മുതൽ പുതിയ ഓൺലൈൻ പോർട്ടൽ വഴി മുൻകൂട്ടി അപോയിന്റ്മെന്റ് എടുത്തവർക്ക് മാത്രമേ കോൺസുലേറ്റിലേക്ക് പ്രവേശനം അനുവദിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി.അതേസമയം, അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ രാവിലെ 9 മുതൽ 11 വരെ പരിമിതമായ തോതിൽ നേരിട്ടെത്തുന്നവർക്കുള്ള (വാക്ക്-ഇൻ) സേവനങ്ങൾ ലഭ്യമായിരിക്കും. നവജാത ശിശുക്കളുടെ അപേക്ഷകൾക്കും അടിയന്തരമായി നാട്ടിലേക്ക് പോകേണ്ടവർക്കുള്ള താൽക്കാലിക യാത്രാരേഖയായ എമർജൻസി സർട്ടിഫിക്കറ്റിനുമായി എത്തുന്നവർക്ക് ഇവിടെ പ്രത്യേക മുൻഗണന ലഭിക്കും. അപോയിന്റ്മെന്റുകൾ ബുക്ക് ചെയ്യുന്നതിനായി പുതിയ പോർട്ടൽ (book.passportindiauae.com) സജ്ജമാക്കിയിട്ടുണ്ട്. അടുത്ത ദിവസത്തെ സേവനങ്ങൾക്കുള്ള അപോയിന്റ്മെന്റുകൾ ഓരോ ദിവസവും രാത്രി 8ന് പോർട്ടലിൽ ലഭ്യമാകും. അപോയിന്റ്മെന്റ് സമയത്തിന് 15 മിനിറ്റ് മുൻപ് മാത്രമേ അപേക്ഷകരെ കോൺസുലേറ്റിനുള്ളിലേക്ക് പ്രവേശിപ്പിക്കൂ. തിരക്ക് ഒഴിവാക്കാൻ അപേക്ഷകരെ മാത്രമേ അകത്തേക്ക് കടത്തിവിടുകയുള്ളൂ എങ്കിലും പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അപേക്ഷകൾക്ക് മാതാപിതാക്കൾ രണ്ടുപേരും ഒപ്പമുണ്ടാകണം.