കുവൈത്തിൽ കാലാവസ്ഥ മുന്നറിയിപ്പ്

കുവൈത്തിൽ താപനില ഉയരുന്നു. ഇന്നലെ ജഹ്റയിൽ 52 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി വെളിപ്പെടുത്തി. ഇന്ന് മുതൽ അടുത്ത വെള്ളിയാഴ്ച ഉച്ചവരെ രാജ്യത്ത് ചൂടുള്ളതും വരണ്ടതുമായ കാറ്റ് വീശുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. ഇത് ചിലപ്പോൾ ശക്തമായ പൊടിക്കാറ്റിനും കാരണമാകും. ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് തുറസ്സായ ഇടങ്ങളിൽ കാഴ്ചപരിധി 1000 മീറ്ററിൽ താഴെയായിരിക്കുമെന്നും കടൽ തിരമാലകൾ ആറ് അടിയിൽ കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പകൽ സമയത്ത് കാലാവസ്ഥ വളരെ ചൂടുള്ളതും അന്തരീക്ഷം പൊടിപടലങ്ങൾ നിറഞ്ഞതുമായിരിക്കും. രാത്രിയിൽ ചൂട് കൂടുതലായിരിക്കുമെന്നും വൈകുന്നേരം പൊടി ക്രമേണ മാറുമെന്നും അദ്ദേഹം പറഞ്ഞു. പരമാവധി താപനില 47 മുതൽ 49 ഡിഗ്രി സെൽഷ്യസിന് ഇടയിലായിരിക്കുമെന്നും കുറഞ്ഞ താപനില 31നും 34 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈവേകളിൽ വാഹനമോടിക്കുന്നവർ കുറഞ്ഞ കാഴ്ചപരിധിയെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ധരാർ അൽ അലി അഭ്യർത്ഥിച്ചു. കടൽത്തീരത്ത് പോകുന്നവർ ഉയർന്ന തിരമാലകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും ആസ്ത്മയും അലർജിയും ഉള്ളവർ പുറത്തുപോകുമ്പോൾ മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.