യുഎഇയിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത: യെലോ അലർട്ട് പ്രഖ്യാപിച്ചു;
രാജ്യത്ത് അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ താമസക്കാർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) നിർദേശിച്ചു. യെലോ അലർട്ടിന്റെ പശ്ചാത്തലത്തിലാണ് ഈ ജാഗ്രതാ നിർദേശം.
അന്തരീക്ഷത്തിൽ പൊടി ഉയരുന്ന സാഹചര്യത്തിൽ നേരിട്ട് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും വീടിന്റെയും കെട്ടിടങ്ങളുടെയും വാതിലുകളും ജനലുകളും അടച്ചിടണമെന്നും അധികൃതർ ഓർമിപ്പിച്ചു. റോഡുകളിൽ ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള കാലാവസ്ഥാ വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വിവരങ്ങളോ കിംവദന്തികളോ പ്രചരിപ്പിക്കരുതെന്നും കാലാവസ്ഥാ കേന്ദ്രം ഊന്നിപ്പറഞ്ഞു. നാളെ(29) രാജ്യത്ത് ആകാശം മേഘാവൃതമായിരിക്കുമെന്നും തീരദേശങ്ങളിലും വടക്കൻ, കിഴക്കൻ മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചിലയിടങ്ങളിൽ മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കടൽയാത്ര ചെയ്യുന്നവരും വിനോദസഞ്ചാരികളും ബുള്ളറ്റിനുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.
