ഗൾഫിലേക്കും തിരിച്ചും പറക്കാം; ഇന്ന് 44 സർവീസുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും
എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും ചേർന്ന് മാർച്ച് 17-ന് പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് 44 സർവീസുകൾ നടത്തും. മസ്‌കത്തിലേക്കും ജിദ്ദയിലേക്കും ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ ഇന്ന് ലഭ്യമായിരിക്കും. എയർ ഇന്ത്യ ഡൽഹിയിൽ നിന്ന് ജിദ്ദയിലേക്കുള്ള റിട്ടേൺ സർവീസുകളും മുംബൈയിൽ നിന്നുള്ള രണ്ട് സർവീസുകളും നടത്തും. എയർ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്, കൊച്ചി (2 സർവീസുകൾ), മംഗളൂരു, ഡൽഹി, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് മസ്‌കത്തിലേക്കും തിരിച്ചും വിമാന സർവീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾക്ക് പുറമേ യുഎഇയിലേക്കും സൗദിയിലേക്കുമായി 24 പ്രത്യേക സർവീസുകൾ കൂടി എയർ ഇന്ത്യ ഗ്രൂപ്പ് നടത്തും. വിമാനത്താവളങ്ങളിലെ സ്ലോട്ടുകളുടെ ലഭ്യതയും പ്രാദേശിക അധികാരികളുടെ അനുമതിയും അനുസരിച്ചായിരിക്കും ഈ വിമാനങ്ങളുടെ യാത്രാ സമയം ക്രമീകരിക്കുക. നിലവിൽ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച റൂട്ടുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് അധിക നിരക്ക് ഈടാക്കാതെ യാത്ര പുനഃക്രമീകരിക്കാനോ (Re-booking) അല്ലെങ്കിൽ ടിക്കറ്റ് തുക പൂർണ്ണമായി തിരികെ വാങ്ങാനോ (Full Refund) അവസരമുണ്ടായിരിക്കും.
ടിക്കറ്റ് റീബുക്കിങ്ങിനായി എയർലൈനിന്റെ വെബ്‌സൈറ്റായ airindia.com സന്ദർശിക്കാവുന്നതാണ്. യാത്രക്കാർക്ക് സഹായത്തിനായി +91 1169329333, +91 1169329999 എന്നീ 24 മണിക്കൂർ ഹോട്ട്ലൈൻ നമ്പറുകളിലും ബന്ധപ്പെടാം. എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാർക്ക് അവരുടെ ഡിജിറ്റൽ അസിസ്റ്റന്റായ 'ടിയ' (Tiya) വഴി +91 63600 12345 എന്ന വാട്സ്ആപ്പ് നമ്പറിലൂടെയും വിമാനങ്ങൾ റീബുക്ക് ചെയ്യാവുന്നതാണ്. യാത്രികരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലേക്ക് എയർലൈൻ പ്രതിനിധികൾ നേരിട്ട് ബന്ധപ്പെടുമെന്നതിനാൽ ഫോൺ നമ്പറുകൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
