ഷെയ്ഖ് സായിദിന്റെ ഓർമയിൽ നാളെ 'സായിദ് മാനുഷിക ദിനം'

  1. Home
  2. Global Malayali

ഷെയ്ഖ് സായിദിന്റെ ഓർമയിൽ നാളെ 'സായിദ് മാനുഷിക ദിനം'

s


യുഎഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ചരമവാർഷികത്തോടനുബന്ധിച്ച് എല്ലാ വർഷവും റമസാൻ 19-ന് ആചരിക്കുന്ന 'സായിദ് മാനുഷിക ദിനം' നാളെ (മാർച്ച് 8). ആഗോളതലത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രതീകമായി മാറിയ രാഷ്ട്രപിതാവിന്റെ പൈതൃകത്തോടുള്ള ആദരസൂചകമായാണ് ഈ ദിനം ആചരിക്കുന്നത്. കാരുണ്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും പാതയിൽ ലോകത്തിന് തന്നെ മാതൃകയായി യുഎഇ മുന്നേറുന്നത് ഷെയ്ഖ് സായിദിന്റെ ദീർഘവീക്ഷണമുള്ള പ്രവർത്തനങ്ങളിലൂടെയാണ്.1971-ൽ അബുദാബി ഫണ്ട് ഫോർ ഡെവലപ്‌മെന്റ് സ്ഥാപിച്ചും 1992-ൽ സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ഇപ്പോൾ സായിദ് ഫോർ ഗുഡ് ഫൗണ്ടേഷൻ) രൂപീകരിച്ചും അദ്ദേഹം മാനവികതയുടെ വലിയൊരു ശൃംഖല തന്നെ കെട്ടിപ്പടുത്തു. 1971 മുതൽ 2004 വരെയുള്ള കാലയളവിൽ മാത്രം ഏകദേശം 9050 കോടി ദിർഹമാണ് യുഎഇ വിവിധ രാജ്യങ്ങൾക്കായി മാനുഷിക-വികസന സഹായമായി നൽകിയത്. അദ്ദേഹത്തിന്റെ ഈ മഹത്തായ പ്രവർത്തനങ്ങളെ മാനിച്ച് രാജ്യാന്തര തലത്തിൽ നിരവധി പുരസ്കാരങ്ങളും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഷെയ്ഖ് സായിദിന്റെ ഈ പാത പിൻതുടർന്ന് ഇന്നും യുഎഇ ലോകമെമ്പാടുമുള്ള ദുരിതബാധിതർക്ക് കൈത്താങ്ങായി നിലകൊള്ളുന്നു. വിശക്കുന്ന അഞ്ച് ദശലക്ഷം കുട്ടികളെ രക്ഷിക്കാനുള്ള '11.5' ക്യാംപെയിനും, എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ നേതൃത്വത്തിൽ 44 രാജ്യങ്ങളിലായി 1.5 ദശലക്ഷത്തിലേറെ ആളുകൾക്ക് ഗുണകരമാകുന്ന റമസാൻ പരിപാടികളും ഇതിന്റെ ഭാഗമായി നടന്നുവരുന്നു. ഗാസയിലെ ജനതയ്ക്ക് ഏറ്റവും വലിയ സഹായം നൽകുന്ന രാജ്യമായി യുഎഇ മാറിയെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2024 മുതൽ 2026-ന്റെ തുടക്കം വരെ 420 കോടി ഡോളറിലേറെ സഹായമാണ് ഗാസയിലേക്ക് യുഎഇ എത്തിച്ചത്. കൂടാതെ, സുഡാനിലെ ആഭ്യന്തരയുദ്ധത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി 50 കോടി ഡോളറിന്റെ അടിയന്തര സഹായവും യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രപിതാവ് കാണിച്ചുകൊടുത്ത മാതൃകയിൽ അതിരുകളില്ലാത്ത കാരുണ്യം കൈമുതലാക്കി യുഎഇ ഇന്നും ലോകത്തിന് പ്രതീക്ഷയായി നിലകൊള്ളുന്നുവെന്നതാണ് ഈ ദിനത്തിന്റെ ഏറ്റവും വലിയ സന്ദേശം.