മോശം ഭക്ഷണക്രമം കുട്ടികളിൽ പൊണ്ണത്തടി മാത്രമല്ല, ശ്വാസംമുട്ടൽ മുതൽ പകർച്ചവ്യാധികൾ വരെ ഉണ്ടാക്കാം
ചിട്ടയില്ലാത്തതും അനാരോഗ്യകരവുമായ ഭക്ഷണക്രമം പിന്തുടരുന്ന കുട്ടികൾക്ക് ഭാവിയിൽ പൊണ്ണത്തടിയുണ്ടാകാൻ സാധ്യത കൂടുതലാണെന്ന വിവിധ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അമിതഭാരമുള്ള കുട്ടികളുടെ എണ്ണത്തിൽ ലോകത്ത് ഇന്ത്യ രണ്ടാം സ്ഥാനത്താണെന്നാണ് കണക്കുകൾ. ഇന്ത്യയിലെ കുട്ടികളിലെ പൊണ്ണത്തടി നിരക്ക് പ്രതിവർഷം ശരാശരി അഞ്ചു ശതമാനമാണ് കൂടിയിരിക്കുന്നതെന്നാണ് വേൾഡ് ഒബിസിറ്റി ഫെഡറേഷൻ കണക്കുകൾ സൂചിപ്പിക്കുന്നത്.എന്നാൽ മോശം ഭക്ഷണശീലം മൂലം പൊണ്ണത്തടി മാത്രമല്ല ശ്വാസംമുട്ടൽ, വിഷാദം തുടങ്ങിയ പ്രശ്നങ്ങളും കുട്ടികളെ അലട്ടുമെന്നാണ് ഗവേഷകർ പറയുന്നു. 2023ൽ ചൈനയിൽ നടത്തിയൊരു പഠനത്തിൽ കോളജ് കാലഘട്ടം മുതലാണ് കുട്ടികൾക്കിടയിൽ അനാരോഗ്യകരമായ ഭക്ഷണശീലം രൂക്ഷമാകുന്നതെന്നും ഇത് വർഷങ്ങളോളം നീണ്ടു നിൽക്കുമെന്നും വ്യക്തമാക്കുന്നു.ഉയർന്ന കലോറിയും ഉയർന്ന അളവിൽ പഞ്ചസാരയും അടങ്ങിയ ഭക്ഷണമാണ് ഈ പ്രായക്കാർ കഴിക്കുന്നത്. പൊണ്ണത്തടി മാത്രമല്ല ഇവ മൂലം ഉണ്ടാകുന്നത്. ദീർഘകാലാടിസ്ഥാനത്തിനുള്ള രോഗങ്ങളും പകർച്ചവ്യാധികളും വരെ ഉണ്ടായേക്കാം എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. വിദ്യാർഥികൾക്ക് അനാരോഗ്യകരമായ ഭക്ഷണരീതി എന്താണെന്ന് വ്യക്തമായി പഠിപ്പിച്ചുകൊടുക്കണമെന്നും ആരോഗ്യകരമായ ഭക്ഷണം എല്ലാ വിദ്യാർഥികൾക്കും താങ്ങാവുന്ന നിരക്കിൽ കോളജുകളിലടക്കം ലഭ്യമാക്കണമെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.
