അസിഡിറ്റി കുറയ്ക്കാം; പോഷകസമൃദ്ധമായ മുളപ്പിച്ച ചെറുപയർ സാലഡ് തയ്യാറാക്കാം
ആരോഗ്യകരമായ ജീവിതശൈലി ആഗ്രഹിക്കുന്നവർക്ക് അത്താഴത്തിന് പകരമായി കഴിക്കാവുന്ന മികച്ചൊരു വിഭവമാണ് മുളപ്പിച്ച ചെറുപയർ സാലഡ്. പച്ചക്കറികളും മുളപ്പിച്ച പയർവർഗങ്ങളും ചേരുന്നത് ദഹനം സുഗമമാക്കാനും അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കും. വളരെ കുറഞ്ഞ കലോറിയും ഉയർന്ന അളവിൽ പോഷകങ്ങളും അടങ്ങിയ ഈ വിഭവം ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രമേഹരോഗികൾക്കും ഒരുപോലെ അനുയോജ്യമാണ്. മുളപ്പിച്ച പയർവർഗങ്ങളിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുകൾ (Fibre) വിശപ്പ് കുറയ്ക്കാനും ദീർഘനേരം വയർ നിറഞ്ഞ സംതൃപ്തി നൽകാനും സഹായിക്കുന്നു. ഇത് വിശപ്പിന്റെ ഹോർമോണായ ഘ്രെലിന്റെ (ghrelin) ഉൽപ്പാദനം നിയന്ത്രിക്കുന്നത് വഴി അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു.
ഈ ഹെൽത്തി സാലഡ് തയ്യാറാക്കുന്നതിനായി മുളപ്പിച്ച ചെറുപയർ, തക്കാളി, സവാള അല്ലെങ്കിൽ ചെറിയ ഉള്ളി, കുക്കുമ്പർ, മല്ലിയില, പച്ചമുളക്, നാരങ്ങാനീര്, ഉപ്പ്, കുരുമുളകുപൊടി, അല്പം മഞ്ഞൾപ്പൊടി എന്നിവയാണ് ആവശ്യമായ ചേരുവകൾ. ആദ്യം ചെറുപയർ നന്നായി കഴുകി കുതിർത്ത് മുളപ്പിച്ചെടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ഒരു നുള്ള് മഞ്ഞൾപ്പൊടിയും അല്പം വെള്ളവും ചേർത്ത് പ്രഷർ കുക്കറിൽ ഒരു വിസിൽ വരുന്നതുവരെ വേവിക്കണം. പയർ അധികം വെന്തുപോകാതിരിക്കാൻ ശ്രദ്ധിക്കണം.
സാലഡ് തയ്യാറാക്കാനായി സവാള, തക്കാളി, കുക്കുമ്പർ എന്നിവ വളരെ ചെറുതായി അരിഞ്ഞെടുക്കുക. ഇതിലേക്ക് അല്പം ഉപ്പ് ചേർത്ത് നന്നായി ഇളക്കിയ ശേഷം വേവിച്ചു മാറ്റിവെച്ചിരിക്കുന്ന ചെറുപയർ ചേർക്കാം. തുടർന്ന് ആവശ്യത്തിന് കുരുമുളകുപൊടി, നാരങ്ങാനീര്, പൊടിയായി അരിഞ്ഞ മല്ലിയില എന്നിവ കൂടി ചേർത്ത് നന്നായി യോജിപ്പിച്ചാൽ രുചികരമായ ചെറുപയർ സാലഡ് തയ്യാറായി. എണ്ണ ഒട്ടും ചേർക്കാത്തതിനാൽ ഇത് ഹൃദയാരോഗ്യത്തിനും വളരെ നല്ലതാണ്.
