കളിപ്പാട്ടങ്ങൾ കുന്നുകൂടുന്നുണ്ടോ? കുട്ടികളുടെ ശ്രദ്ധയും ക്രിയാത്മകതയും നശിക്കാൻ ഇത് കാരണമാകും
കുഞ്ഞുങ്ങളോടുള്ള സ്നേഹപ്രകടനം പലപ്പോഴും വിലപിടിപ്പുള്ള കളിപ്പാട്ടങ്ങൾ വാങ്ങിക്കൊടുത്തുകൊണ്ടാണ് മാതാപിതാക്കൾ പ്രകടിപ്പിക്കാറുള്ളത്. എന്നാൽ വീടുനിറയെ കളിപ്പാട്ടങ്ങൾ വാങ്ങിയിടുന്നത് കുട്ടികളുടെ മാനസിക വികാസത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
കളിപ്പാട്ടങ്ങൾ അമിതമാകുമ്പോഴുള്ള ദോഷങ്ങൾ:
-
ശ്രദ്ധക്കുറവ്: ഒന്നിലധികം കളിപ്പാട്ടങ്ങൾ മുന്നിലെത്തുമ്പോൾ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കുട്ടികൾക്ക് കഴിയാതെ വരുന്നു. ഇത് ഭാവിയിൽ പഠനത്തിലും മറ്റ് കാര്യങ്ങളിലും ശ്രദ്ധക്കുറവിനും കാരണമാകാം.
-
ക്രിയാത്മകത നഷ്ടപ്പെടുന്നു: പഴയകാലത്ത് സാങ്കൽപ്പികമായി കളിച്ചിരുന്ന രീതികൾ മാറി, പൂർണ്ണമായും കളിപ്പാട്ടങ്ങളെ ആശ്രയിക്കുന്ന പ്രവണത കുട്ടികളുടെ ഭാവനയെ തളർത്തുന്നു.
-
വൈകാരിക ആശ്രിതത്വം: വിരസതയോ സമ്മർദ്ദമോ ഉണ്ടാകുമ്പോൾ കളിപ്പാട്ടങ്ങളെ മാത്രം ആശ്രയിക്കുന്നത് കുട്ടികളുടെ വൈകാരിക പക്വത കുറയ്ക്കും.
മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടവ:
-
പരിധി നിശ്ചയിക്കുക: കൈകാര്യം ചെയ്യാൻ കഴിയുന്ന എണ്ണത്തിൽ മാത്രം കളിപ്പാട്ടങ്ങൾ നൽകുക. ഇത് കളിപ്പാട്ടങ്ങളുടെ മൂല്യം മനസ്സിലാക്കാൻ അവരെ സഹായിക്കും.
-
പുറത്തുള്ള കളി: വീടിനുള്ളിൽ ഇരിക്കാതെ പുറത്ത് കളിക്കാനും ചിത്രരചന പോലുള്ള വിനോദങ്ങളിൽ ഏർപ്പെടാനും പ്രോത്സാഹിപ്പിക്കുക.
-
ക്രിയാത്മക കളിപ്പാട്ടങ്ങൾ: വെറുതെ കളിച്ച് തീർക്കുന്നവയ്ക്ക് പകരം കുഞ്ഞുങ്ങളുടെ ചിന്താശേഷിയും ബുദ്ധിയും വളർത്തുന്ന തരം കളിപ്പാട്ടങ്ങൾ തിരഞ്ഞെടുക്കുക.
