ഭക്ഷണത്തിൽ പഞ്ചസാര ഒഴിവാക്കാം; തിളക്കമുള്ള ചർമം സ്വന്തമാക്കാം
ഭക്ഷണത്തിൽ നിന്ന് പഞ്ചസാര ഒഴിവാക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുക മാത്രമല്ല, ചർമത്തിന് തിളക്കവും തെളിച്ചവും നൽകാനും സഹായിക്കും. ശരീരത്തിലും കരളിലുമുള്ള അമിത കൊഴുപ്പ് കുറയുന്നതിലൂടെ മുഖത്തെ തടിപ്പും കണ്ണിനു താഴെയുള്ള വീക്കവും മാറാൻ ഇത് സഹായകരമാകും. ദഹനം മെച്ചപ്പെടുത്തി ഇൻഫ്ലമേഷൻ കുറയ്ക്കുന്നതിലൂടെ മുഖക്കുരു, ചുവപ്പുനിറം തുടങ്ങിയ ചർമ പ്രശ്നങ്ങൾ പരിഹരിക്കാനും സാധിക്കും.
ദൈനംദിന ജീവിതത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ചില ലളിതമായ മാർഗ്ഗങ്ങൾ പിന്തുടരാം. ചായ, കാപ്പി എന്നിവ മധുരം ഒഴിവാക്കി കുടിക്കുക, പാക്കറ്റ് ജ്യൂസുകൾക്ക് പകരം പഴങ്ങൾ നേരിട്ട് കഴിക്കുക എന്നിവ ശീലമാക്കാം. കൂടാതെ പാക്ക് ചെയ്ത ഭക്ഷണങ്ങൾ വാങ്ങുമ്പോൾ പഞ്ചസാരയുടെ അളവ് പരിശോധിച്ച് കുറഞ്ഞവ തിരഞ്ഞെടുക്കാനും അമിത മധുരമടങ്ങിയ എനർജി ഡ്രിങ്കുകൾക്ക് പകരം കരിക്കിൻ വെള്ളം പോലുള്ള പ്രകൃതിദത്ത പാനീയങ്ങൾ ഉപയോഗിക്കാനും ശ്രദ്ധിക്കണം.
