ഫ്രിജിൽ വച്ച ഭക്ഷണങ്ങൾ ചൂടാക്കി കഴിക്കുന്നവർ ശ്രദ്ധിക്കുക
ഇന്നത്തെ ജീവിത സാഹചര്യത്തിൽ ഫ്രിജിൽ വച്ച ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കുന്നത് സാധാരണയാണ്. എന്നാൽ എല്ലാ ഭക്ഷണങ്ങളും ഇങ്ങനെ വീണ്ടും ചൂടാക്കി കഴിക്കുന്നത് സുരക്ഷിതമല്ലന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.
ഇത്തരത്തിൽ പിന്നീട് ചൂടാക്കി കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണസാധനങ്ങൾ ഇവയാണ്
ചോറ്
മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു ഭക്ഷണവിഭവമാണ് ചോറ്. ബാക്ടീരിയകൾക്ക് പെട്ടെന്ന് പെറ്റുപെരുകാൻ പറ്റുന്ന ഒരു ഭക്ഷണമാണിത്. ചോറ് ബാക്കിയായാൽ ഉടനെ തന്നെ അത് ഫ്രിജിൽ സൂക്ഷിക്കുക. അല്ലെങ്കിൽ വീണ്ടും തിളപ്പിച്ചൂറ്റി ഉപയോഗിച്ചാൽപ്പോലും നശിക്കാത്ത ബാക്ടീരിയകൾ ചോറിൽ അവശേഷിക്കാനും ഭക്ഷ്യവിഷബാധ ഉണ്ടാകാൻ കാരണമാവുകയും ചെയ്യും.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് വളരെ ജനപ്രിയമായ ഒരു ഭക്ഷണസാധനമാണെങ്കിലും വീണ്ടും ചൂടാക്കിയാൽ അവ ആരോഗ്യത്തിന് ഹാനികരമാകും. പാകം ചെയ് കുറെ നേരം വച്ചാൽ, അപകടകരമായ വിഷവസ്തു ഉൽപ്പാദിപ്പിക്കുന്ന ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയ ഉരുളക്കിഴങ്ങിൽ വളരും. അതിനാൽ പാകംചെയ്തു കഴിച്ചു ബാക്കി വന്ന ഉടനെ ഇത് ഫ്രിജിൽ സൂക്ഷിക്കുക.
ചീരയും മറ്റ് ഇലക്കറികളും
ചീര പോലുള്ള ഇലക്കറികൾ അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ്, അവ നൈട്രേറ്റുകളുടെ ഉറവിടവുമാണ്. വീണ്ടും ചൂടാക്കുമ്പോൾ, നൈട്രേറ്റുകൾ ഹാനികരമായ നൈട്രൈറ്റുകളായി മാറും, ഇത് ക്യാൻസർ ഉൾപ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമാകും
ചിക്കൻ
ചിക്കൻ പ്രോട്ടീനിന്റെ ഉറവിടമാണ്, എന്നാൽ വീണ്ടും വീണ്ടും ചൂടാക്കിയാൽ ആരോഗ്യത്തിന് ഹാനികരമാണ്. വീണ്ടും ചൂടാക്കുന്ന സമയത്ത്, ഉയർന്ന ഊഷ്മാവിന് വിധേയമാകുമ്പോൾ കോഴിയിറച്ചിയിലെ പ്രോട്ടീൻ ഘടനയിൽ മാറ്റം വരാം, ഇത് ദഹനപ്രശ്നങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കും ഇടയാക്കും.
അതിനാൽ ചിക്കൻ വീണ്ടും ചൂടാക്കേണ്ടി വരുമ്പോൾ കുറഞ്ഞ താപനിലയിൽ മാത്രം ചൂടാക്കുക.
മുട്ട
മുട്ടയിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, അതിനാൽ ചൂടും ഈർപ്പവുമുള്ള സമയത്ത് ദോഷകരമായ ബാക്ടീരിയകളുടെ വളർച്ച പെട്ടെന്നായിരിക്കും. അതിനാൽ, പാചകം ചെയ്ത ഉടൻ തന്നെ മുട്ട കഴിക്കുന്നതും വീണ്ടും ചൂടാക്കുന്നത് ഒഴിവാക്കുന്നതും നല്ലതാണ്.
എണ്ണകളും കൊഴുപ്പുകളും
എണ്ണകളും കൊഴുപ്പുകളും വീണ്ടും ചൂടാക്കുന്നത് ട്രാൻസ് ഫാറ്റുകളും ഫ്രീ റാഡിക്കലുകളും പോലുള്ള ഹാനികരമായ സംയുക്തങ്ങളുണ്ടാവാൻ കാരണമാകും. ഈ പദാർത്ഥങ്ങൾ ഹൃദ്രോഗവും മറ്റ് വിട്ടുമാറാത്ത രോഗങ്ങൾക്കും കാരണമാകും
