ആരോഗ്യം നൽകുന്ന ചില ചായകൾ; ഗുണങ്ങളറിഞ്ഞ് കുടിക്കാം

  1. Home
  2. Health&Wellness

ആരോഗ്യം നൽകുന്ന ചില ചായകൾ; ഗുണങ്ങളറിഞ്ഞ് കുടിക്കാം

tea


പാൽ ചായ, കട്ടൻചായ, വെള്ളച്ചായ, കടുപ്പത്തിൽ ഒരു ചായ, ലൈറ്റ് ചായ, പതപ്പിച്ച ചായ തുടങ്ങി പല തരത്തിലുള്ള ചായകൾ നമുക്കിടയിലുണ്ട്. എന്നാൽ അതിനുമപ്പുറം നമ്മുടെ ശാരീരികാവസ്ഥകൾക്ക് കൂടി ഗുണകരമാകുന്ന ചില ചായകളെ പരിചയപ്പെട്ടാലോ.

ബ്ലാക്ക് ടീ
കട്ടൻ ചായ ഉണ്ടാക്കാൻ, തേയില ചെടിയുടെ ഇലകൾ ചതച്ച് ഉണങ്ങാൻ അനുവദിക്കും. ഇലകൾ ഓക്സിഡൈസ് ചെയ്യുമ്പോൾ, അവ ഇരുണ്ടതും സുഗന്ധമുള്ളതുമായി മാറുന്നു. കട്ടൻ ചായയിൽ തേഫ്‌ലേവിൻ, തേറൂബിഗിൻസ്, കാറ്റെച്ചിൻ എന്നിവയുൾപ്പെടെ വിവിധ രോഗങ്ങളെ പ്രതിരോധിക്കുന്ന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ബ്ലാക്ക് ടീ കുടിക്കുന്നത് പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്നും കണ്ടെത്തലുണ്ട്.

ഗ്രീൻ ടീ
തേയില ഇലകൾ ഓക്സിഡൈസ് ചെയ്യാൻ അനുവദിക്കാതെ ആവിയിൽ ഉണക്കിയാണ് ഗ്രീൻ ടീ ഉണ്ടാക്കുന്നത്. കാറ്റെച്ചിൻ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ഈ ചായ. കഫീൻ അടങ്ങിയിരിക്കുന്നതിനാൽ ഇത് മാനസിക ഊർജസ്വലത വർധിപ്പിക്കുകയും ഹൃദ്രോഗവും പ്രമേഹവും തടയാൻ സഹായിക്കുകയും ചെയ്യും. ഗ്രീൻ ടീ കാൻസർ സാധ്യത കുറയ്ക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച ഗവേഷണം പൂർത്തിയായിട്ടില്ല.

ഓലോങ്
പരമ്പരാഗതമായ ചൈനീസ് ചായയാണ് ഓലോംഗ് ചായകൾ. ഇതുണ്ടാക്കാൻ തേയില ഇലകൾ ഭാഗികമായി ഓക്സിഡൈസ് ചെയ്യപ്പെടുന്നു. ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്ന കാറ്റെച്ചിനുകൾ ഉൾപ്പെടെയുള്ള പോളിഫെനോളുകളുടെ ഒരു മിശ്രിതം ഓലോങ്ങിൽ അടങ്ങിയിരിക്കുന്നു. തിളപ്പിച്ച വെള്ളത്തിൽ ഇലകൾ ഇട്ടാണ് ഓലോങ് ചായ ഉണ്ടാക്കുന്നത്. 
ഓലോങ്ങിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ചായയിലെ കഫീൻ, ഇല പറിക്കുന്ന സമയം, ഉൽപാദന പ്രക്രിയകൾ എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടും.

വൈറ്റ് ടീ
ഇളം ചായ ഇലകളും മൊട്ടുകളും ആവിയിൽ ഉണക്കിയാണ് വൈറ്റ് ടീ  ഉണ്ടാക്കുന്നത്. വൈറ്റ് ടീയിലെ കാറ്റെച്ചിൻ ഗ്രീൻ ടീയുടേതിന് സമാനമാണ്, ഇത് പ്രത്യേകിച്ച് ആരോഗ്യകരമായ പാനീയമാണ്.

ജാപ്പനീസ് മാച്ച
പൊടിച്ച ഗ്രീൻ ടീയാണ് മാച്ച. സാധാരണ ഗ്രീൻ ടീ പോലെ, ഇതിൽ ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റ് സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു.  മിഠായികൾ, ലേറ്റുകൾ, സ്മൂത്തികൾ എന്നിവയിലും മാച്ച ഉപയോഗിക്കുന്നു, എന്നാൽ ഇത്തരം മിഠായികളിൽ ചിലപ്പോൾ ഉയർന്ന പഞ്ചസാര അടങ്ങിയിട്ടുണ്ടാകും. ഒരു ജാപ്പനീസ് മാച്ച ചായ ഉണ്ടാക്കാൻ, ചെറിയ അളവിലുള്ള മാച്ച ചൂടുവെള്ളത്തിൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. നന്നായി പതഞ്ഞു വന്നാൽ മാച്ച ചായ തയാർ. 

ചെമ്പരത്തി ചായ
രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ അസുഖങ്ങളാൽ വിഷമിക്കുന്നവർക്കുള്ള ഉത്തമ ഔഷധമാണ് ചെമ്പരത്തി ചായ. ചെമ്പരത്തി പൂവ് ചൂടുവെള്ളത്തിൽ ഇട്ട് നിറം മാറിയ ഉടൻ മാറ്റിയ ശേഷം വെള്ളത്തിൽ ഒരല്പം നാരങ്ങാനീരും തേനും ചേർത്ത് കുടിച്ചാൽ അടിപൊളി ചെമ്പരത്തി ചായ റെഡിയായി. പൂവിൽ അടങ്ങിയിരിക്കുന്ന ഫ്ളവനോയിഡുകളും ആന്തോസയാനിനുകളും ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള സംയുക്തങ്ങളാണ്. ഇവയാണ് ബി.പിയെയും ഷുഗറിനെയും നിയന്ത്രിക്കുന്നത്. 

റോയ് ബോസ്
റോയ് ബോസ് ദക്ഷിണാഫ്രിക്കയിൽ വളരുന്ന ഒരു പയർവർഗ-കുടുംബ സസ്യമാണ്. 'റെഡ് ടീ' എന്നും അറിയപ്പെടുന്ന റോയിബോസ് കഫീൻ രഹിതവും ഫ്ളവനോയ്ഡ് ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നവുമാണ്. റൂയിബോസ് ടീ പതിവായി കുടിക്കുന്നത് രക്തത്തിലെ ആന്റിഓക്‌സിഡന്റുകളുടെ അളവ് വർധിപ്പിക്കുകയും എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു.

ചമോമൈൽ
ഉത്കണ്ഠയ്ക്കും ഉറക്കക്കുറവിനും  പരിഹാരമായി പരമ്പരാഗതമായി ഉപയോഗിക്കുന്ന ചമോമൈൽ ചായ. ചമോമൈൽ ചെടിയുടെ ചെറിയ, ഡെയ്‌സി പോലുള്ള പൂക്കൾ ഉണക്കിയാണ് ചായയുണ്ടാക്കുന്നത്. 
മറ്റ് പച്ചമരുന്നുകൾക്കൊപ്പം ഉപയോഗിക്കുമ്പോൾ, ചമോമൈൽ കുട്ടികളിൽ വയറുവേദനയ്ക്കും വയറിളക്കത്തിനും ശമനം ഉണ്ടാക്കാൻ സഹായിക്കും. ആർത്തവ സമയത്തെ വേദന, പ്രമേഹം, രക്തസമ്മർദ്ദം കുറയ്ക്കൽ, ഉറക്കമില്ലായ്മ പരിഹരിക്കും, ജലദോഷം അകറ്റും, ചർമ പ്രശ്നങ്ങൾ പരിഹരിക്കും ഇതൊക്കെ ചമോമൈൽ ചായയുടെ ഗുണങ്ങളാണ്.