എയർ ഫ്രയർ വൃത്തിയാക്കാൻ ബേക്കിങ് സോഡ ഉപയോഗിക്കാമോ? കരിഞ്ഞ പാടുകൾ കളയാൻ 10 മിനിറ്റ് ക്ലീനിങ് ടിപ്പ്
കുറഞ്ഞ എണ്ണയിൽ ആരോഗ്യകരമായ വിഭവങ്ങൾ തയ്യാറാക്കാൻ സഹായിക്കുന്ന എയർ ഫ്രയറുകൾ ഇന്ന് അടുക്കളയിലെ അവശ്യവസ്തുവാണ്. എന്നാൽ ഉപയോഗം കൂടുന്തോറും എണ്ണമയവും കരിഞ്ഞ പാടുകളും അടിഞ്ഞുകൂടി ഇതിന്റെ പ്രവർത്തനക്ഷമത കുറയാൻ സാധ്യതയുണ്ട്. എയർ ഫ്രയറിലെ കരിഞ്ഞ എണ്ണപ്പാടുകൾ നീക്കാൻ ബേക്കിങ് സോഡ മികച്ചൊരു മാർഗ്ഗമാണ്.
രണ്ട് ടേബിൾസ്പൂൺ ബേക്കിങ് സോഡയിൽ അല്പം വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി കരിഞ്ഞ ഭാഗങ്ങളിൽ പുരട്ടുക. 10 മുതൽ 15 മിനിറ്റിന് ശേഷം മൃദുവായ സ്പോഞ്ചോ ബ്രഷോ ഉപയോഗിച്ച് ഉരച്ചു കഴുകിയാൽ എയർ ഫ്രയറിന് കേടുപാടുകൾ വരാതെ തന്നെ കടുത്ത പാടുകൾ എളുപ്പത്തിൽ നീക്കം ചെയ്യാം. എയർ ഫ്രയർ വൃത്തിയാക്കുന്നതിന് മുൻപ് പ്ലഗ് ഊരി ഉപകരണം പൂർണ്ണമായും തണുക്കാൻ അനുവദിക്കണം. ബാസ്‌ക്കറ്റും ട്രേയും ഇളംചൂടുള്ള വെള്ളത്തിലും ലിക്വിഡ് ഡിഷ് സോപ്പിലും 10 മിനിറ്റ് മുക്കിവെച്ച ശേഷം മൃദുവായ സ്പോഞ്ച് ഉപയോഗിച്ച് കഴുകാം. നോൺ-സ്റ്റിക്ക് കോട്ടിങ് നശിക്കാതിരിക്കാൻ മെറ്റൽ സ്ക്രബറുകൾ പൂർണ്ണമായും ഒഴിവാക്കണം.
എയർ ഫ്രയറിന്റെ ഹീറ്റിങ് കോയിലിൽ നേരിട്ട് വെള്ളമൊഴിക്കാതെ നനഞ്ഞ മൈക്രോഫൈബർ തുണി ഉപയോഗിച്ച് തുടയ്ക്കണം. ഉള്ളിലെ ദുർഗന്ധം മാറാൻ വിനാഗിരിയും വെള്ളവും സമം ചേർത്ത മിശ്രിതമോ നാരങ്ങാനീരോ ഉപയോഗിക്കാം. ഓരോ ഉപയോഗത്തിന് ശേഷവും ബാസ്‌ക്കറ്റും ട്രേയും കഴുകുന്നതും, ഉപകരണം പൂർണ്ണമായി ഉണങ്ങിയ ശേഷം മാത്രം വീണ്ടും ഉപയോഗിക്കുന്നതും എയർ ഫ്രയറിന്റെ ആയുസ്സ് വർദ്ധിപ്പിക്കും.
