കലോറി കത്തിക്കാൻ കാർഡിയോ മാത്രം പോരാ; 40 കഴിഞ്ഞവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
40 വയസ്സിന് ശേഷം ഫിറ്റ്നസ് നിലനിർത്താനും ശരീരഭാരം കുറയ്ക്കാനും പലരും കാർഡിയോ വ്യായാമങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ കഴിച്ച ഭക്ഷണത്തിലെ കലോറി കത്തിച്ചുകളയാൻ മാത്രം അമിതമായി കാർഡിയോ ചെയ്യുന്നത് ശരിയായ രീതിയല്ലെന്ന് ഫിറ്റ്നസ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അമിത വ്യായാമം ദിവസം മുഴുവൻ ക്ഷീണത്തിനും അമിത വിശപ്പിനും ഇടയാക്കുമെന്നു മാത്രമല്ല, പ്രതീക്ഷിച്ച ഫലം നൽകണമെന്നുമില്ല. തുടക്കത്തിൽ കലോറി കുറയുമെങ്കിലും ശരീരം അതിനോട് പൊരുത്തപ്പെടുകയും പിന്നീട് മറ്റു സമയങ്ങളിലെ ചലനങ്ങൾ കുറഞ്ഞ് ശരീരം കലോറി തിരിച്ചുപിടിക്കുകയും ചെയ്യും.
ശരീരഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തിനപ്പുറം ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഊർജ്ജവും സമ്മർദ്ദ നിയന്ത്രണവും വർദ്ധിപ്പിക്കാനുമാണ് കാർഡിയോ ഉപയോഗിക്കേണ്ടത്. അതിനാൽ സ്ഥിരമായി കൊഴുപ്പ് കുറയ്ക്കാനായി കാർഡിയോ വ്യായാമങ്ങൾക്കൊപ്പം ശരിയായ ഭക്ഷണക്രമത്തിനും സ്ട്രെങ്ത് ട്രെയിനിങ്ങിനും കൂടുതൽ പ്രാധാന്യം നൽകണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.
