പ്രമേഹ രോ​ഗികൾ തണ്ണിമത്തൻ കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

  1. Home
  2. Health&Wellness

പ്രമേഹ രോ​ഗികൾ തണ്ണിമത്തൻ കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

WATERMELON


റോഡരികിലെ കടകളിൽ കൂട്ടിയിട്ടിരിക്കുന്ന മധുരമൂറുന്ന തണ്ണിമത്തനുകൾ വേനൽക്കാലത്തെ സാധാരണ കാഴ്ചയാണ്. വേനൽച്ചൂടിൽ ശരീരമൊന്ന് തണുപ്പിക്കാൻ നിറയെ ജലാംശം അടങ്ങിയ തണ്ണിമത്തന്റെ മികവ് പ്രസിദ്ധമാണ്. എന്നാൽ പ്രമേഹം ഉള്ളവർക്ക് തണ്ണിമത്തൻ കഴിക്കാമോ എന്ന സംശയം പലപ്പോഴും ഉയർന്ന് വരാറുണ്ട്.

തണ്ണിമത്തനിൽ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിന്റെ ഗ്ലൈസെമിക് സൂചിക (GI) 72 ആണ്. ഇത് പ്രമേഹരോ​ഗികളെ സംബന്ധിച്ചിടത്തോളം കൂടുതലാണ്. സാധാരണയായി, പ്രമേഹമുള്ളവർക്ക് ഗ്ലൈസെമിക് സൂചിക കുറഞ്ഞ പഴങ്ങളാണ് ആരോ​ഗ്യകരം.

എന്നാൽ തണ്ണിമത്തനിൽ 90 ശതമാനത്തിലധികം വെള്ളമായതിനാൽ അതിന്റെ ഗ്ലൈസെമിക് ലോഡ് (GL) അഞ്ചാണ്. അതായത് ചെറിയ അളവിൽ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയിൽ വലിയ സ്വാധീനം ചെലുത്തില്ല. ഒരു ദിവസം 100 മുതൽ 150 ഗ്രാമിൽ കൂടുതൽ തണ്ണിമത്തൻ കഷ്ണങ്ങൾ കഴിക്കരുത്.

തണ്ണിമത്തൻ ജ്യൂസായി കഴിക്കുന്നത് നാരുകളുടെ അളവ് കുറയ്ക്കുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ കാരണമാകും. അതിനാൽ, ഇത് കഷണങ്ങളാക്കി കഴിക്കണം. ബദാം, വാൽനട്ട്, അല്ലെങ്കിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ മറ്റ് ഭക്ഷണങ്ങൾ എന്നിവയ്‌ക്കൊപ്പം തണ്ണിമത്തൻ കഷ്ണങ്ങൾ കഴിക്കുന്നത് പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കും.