രാത്രിയിൽ മാംസാഹാരം കഴിക്കാറുണ്ടോ? അത്താഴത്തിലെ നോൺവെജ് ശീലം വരുത്തിവെക്കുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങൾ

  1. Home
  2. Health&Wellness

രാത്രിയിൽ മാംസാഹാരം കഴിക്കാറുണ്ടോ? അത്താഴത്തിലെ നോൺവെജ് ശീലം വരുത്തിവെക്കുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങൾ

non veg dinner


രാത്രി ഭക്ഷണത്തിൽ മാംസാഹാരം ഉൾപ്പെടുത്തുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ അത്താഴത്തിന് ഉയർന്ന കലോറിയുള്ള മാംസവിഭവങ്ങൾ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്. ദഹനപ്രശ്നങ്ങൾ മുതൽ ശരീരഭാരം വർധിക്കുന്നത് വരെയുള്ള നിരവധി ശാരീരിക ബുദ്ധിമുട്ടുകൾക്ക് ഈ ശീലം കാരണമായേക്കാം.

1. ശരീരഭാരവും പ്രമേഹസാധ്യതയും വർധിക്കുന്നു രാത്രിയിൽ ഉയർന്ന കലോറിയും കൊഴുപ്പും അടങ്ങിയ മാംസവിഭവങ്ങൾ അമിതമായി കഴിക്കുന്നത് ശരീരഭാരം വേഗത്തിൽ വർധിക്കാൻ ഇടയാക്കും. ശരീരഭാരം അനിയന്ത്രിതമായി കൂടുമ്പോൾ ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യതയും വൻതോതിൽ വർധിക്കുന്നു. പ്രത്യേകിച്ച് പ്രോസസ് ചെയ്ത മാംസവും അനാരോഗ്യകരമായ ജീവിതശൈലിയും ഒരുമിച്ച് പോകുമ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഇരട്ടിയാകും.

2. റെഡ് മീറ്റ് അമിതമായാൽ ഹൃദയാരോഗ്യത്തിന് ഭീഷണി മട്ടൻ, ബീഫ്, പോർക്ക് തുടങ്ങിയ റെഡ് മീറ്റ് വിഭവങ്ങൾ പ്രത്യേകിച്ച് പ്രോസസ് ചെയ്ത രീതിയിൽ രാത്രി അമിതമായി കഴിക്കുന്നത് ഹൃദ്രോഗം, ഉയർന്ന കൊളസ്‌ട്രോൾ എന്നിവയ്ക്ക് വഴിതെളിക്കും. രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്നതിനും ഇത് കാരണമാകുന്നുണ്ടെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

3. ദഹനവ്യവസ്ഥ താളംതെറ്റുന്നു മാംസത്തിലെ ഉയർന്ന പ്രോട്ടീനും കൊഴുപ്പും ദഹിക്കാൻ ഏറെ സമയം ആവശ്യമാണ്. രാത്രിയിൽ മാംസാഹാരം കഴിച്ച് തൊട്ടുപിന്നാലെ ഉറങ്ങാൻ കിടക്കുന്നത് അസിഡിറ്റി, വയറുവീർക്കൽ, നെഞ്ചെരിച്ചിൽ, ഗ്യാസ് എന്നിവയ്ക്ക് കാരണമാകും. ഇത് ദീർഘകാലാടിസ്ഥാനത്തിൽ ഗ്യാസ്ട്രൈറ്റിസ് പോലെയുള്ള പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

4. കാൻസർ സാധ്യത വർധിക്കുന്നു എണ്ണയിൽ വറുത്തു മൊരിച്ചെടുത്ത മാംസവിഭവങ്ങൾ പതിവായി ഉപയോഗിക്കുന്നത് കാൻസർ സാധ്യത വർധിപ്പിക്കുന്നു. പലതവണ ചൂടാക്കിയ എണ്ണയിൽ അടങ്ങിയിരിക്കുന്ന കാർസിനോജനുകളാണ് ഇതിന് പ്രധാന കാരണം. കൂടാതെ, മാംസാഹാരത്തിൽ നാരുകളുടെ (Fiber) കുറവുള്ളതിനാൽ കോളൻ കാൻസർ സാധ്യതയും കൂടുതലാണ്. സ്ത്രീകളിൽ സ്തനാർബുദത്തിനും പുരുഷന്മാരിൽ പ്രോസ്‌റ്റേറ്റ് കാൻസറിനും വറുത്ത മാംസവിഭവങ്ങളുടെ ഉപയോഗം കാരണമായേക്കാമെന്ന് പഠനങ്ങൾ പറയുന്നു.

അത്താഴത്തിന് മാംസാഹാരം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • പച്ചക്കറികൾ കൂടെ ഉൾപ്പെടുത്തുക: അത്താഴത്തിന് മാംസം കഴിക്കുമ്പോൾ ഒപ്പം ധാരാളം സാലഡുകളോ തോരനോ കറികളോ ആയി പച്ചക്കറികൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

  • ഭക്ഷണക്രമം ക്രമീകരിക്കുക: പുറത്തുനിന്നോ പാർട്ടികളിൽ നിന്നോ കഴിക്കുമ്പോൾ ആദ്യം സൂപ്പ്, സാലഡ്, ഫ്രൂട്ട്സ് എന്നിവ കഴിച്ച ശേഷം മാത്രം നോൺവെജ് കഴിക്കുക. ഇത് അമിതമായി മാംസം കഴിക്കുന്നത് തടയും.

  • തയ്യാറാക്കുന്ന രീതി: വറുത്തോ പൊരിച്ചോ കഴിക്കുന്നതിനേക്കാൾ മാംസം കറി വെച്ച് ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

  • സമയക്രമം പാലിക്കുക: ഉറങ്ങുന്നതിന് കുറഞ്ഞത് രണ്ടും മൂന്നും മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.