നടുവേദന അലട്ടുന്നുണ്ടോ; ശരിയായ ഇരിപ്പു രീതിയും വീട്ടിൽ ചെയ്യാവുന്ന ലളിതമായ 5 വ്യായാമങ്ങളും
ദീർഘനേരം ഒരേ ഇരിപ്പ് തുടരുന്നതും ശരിയായ ശരീരനില ഇല്ലാത്തതും പലരിലും നടുവേദനയ്ക്ക് കാരണമാകാറുണ്ട്. മുന്നോട്ടാഞ്ഞ് ഇരിക്കുക, ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കാതിരിക്കുക തുടങ്ങിയ ശീലങ്ങൾ പേശികളിൽ സമ്മർദമുണ്ടാക്കി വേദന വഷളാക്കും. കസേരയിൽ ഇരിക്കുമ്പോൾ നടുവിന്റെ താഴ്ഭാഗത്തിന് പിന്തുണ നൽകാൻ ചെറിയ തലയണയോ ചുരുട്ടിയ ടവലോ ഉപയോഗിക്കുന്നത് ആശ്വാസം നൽകും. വശം ചരിഞ്ഞ് കിടക്കുമ്പോൾ കാൽമുട്ടുകൾക്കിടയിലും മലർന്ന് കിടക്കുമ്പോൾ കാൽമുട്ടുകൾക്കടിയിലും തലയണ വയ്ക്കുന്നതും നടുവിന് പിന്തുണ നൽകും.
വേദന സഹിക്കാവുന്ന പരിധിയിലാണെങ്കിൽ കാറ്റ് ആൻഡ് കൗ (Cat-Cow Stretch), നീ ടു ചെസ്റ്റ് (Knee-to-Chest Stretch), പെൽവിക് ടിൽറ്റ് (Pelvic Tilt), നീ റോളിങ് (Knee Rolling), നടത്തം എന്നിവ വീട്ടിൽ ചെയ്യാവുന്ന ലളിതമായ വ്യായാമങ്ങളാണ്. ദിവസവും 10 മുതൽ 15 മിനിറ്റ് വരെ സാവധാനം നടക്കുന്നതും നീന്തൽ, ലളിതമായ യോഗ എന്നിവയും ഗുണം ചെയ്യും.
പേശികളിലെ മുറുക്കവും വേദനയും കുറയ്ക്കാൻ ഹോട്ട് വാട്ടർ ബാഗ് അല്ലെങ്കിൽ ഐസ് പായ്ക്ക് തുണിയിൽ പൊതിഞ്ഞ് 15 മിനിറ്റോളം വയ്ക്കാവുന്നതാണ്. വേദനയുള്ളപ്പോൾ ദിവസം മുഴുവൻ കിടക്കാതെ സാധാരണ ദൈനംദിന പ്രവർത്തനങ്ങൾ തുടരാനും ശ്രദ്ധിക്കണം.
