ഇടയ്ക്കിടെ മൗത്ത് വാഷ് ഉപയോഗിക്കുന്നവരാണോ? എങ്കിൽ സൂക്ഷിക്കുക; പ്രമേഹം പടിവാതിൽക്കൽ

  1. Home
  2. Health&Wellness

ഇടയ്ക്കിടെ മൗത്ത് വാഷ് ഉപയോഗിക്കുന്നവരാണോ? എങ്കിൽ സൂക്ഷിക്കുക; പ്രമേഹം പടിവാതിൽക്കൽ

MOUTH WASH


വായ്നാറ്റം അകറ്റാനും വായുടെ ശുചിത്വത്തിനുമായി മൗത്ത് വാഷ് സ്ഥിരമായി ഉപയോഗിക്കുന്ന ശീലം ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാം. സാൻ ജുവാൻ ഓവർവെയ്റ്റ് അഡൽറ്റ്സ് ലോഞ്ചിറ്റ്യൂഡിനൽ സ്റ്റഡിയിൽ 40 മുതൽ 65 വയസ്സുവരെയുള്ളവരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്. ദിവസവും രണ്ടു തവണയോ അതിൽ കൂടുതലോ മൗത്ത് വാഷ് ഉപയോഗിക്കുന്നവരിൽ പ്രമേഹത്തിനോ പ്രീ-ഡയബറ്റിസ് അവസ്ഥയ്ക്കോ ഉള്ള സാധ്യത 49 മുതൽ 55 ശതമാനം വരെ കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു.

വായയിലുള്ള ഉപകാരികളായ ബാക്ടീരിയകളെക്കൂടി മൗത്ത് വാഷ് നശിപ്പിക്കുന്നതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഭക്ഷണത്തിലെ നൈട്രേറ്റുകളെ നൈട്രൈറ്റുകളാക്കി മാറ്റുന്ന ഈ ബാക്ടീരിയകൾ, പിന്നീട് നൈട്രിക് ഓക്സൈഡ് ഉൽപാദനത്തിന് സഹായിക്കുന്നു. ശരീരത്തിലെ മെറ്റബോളിസം ക്രമീകരിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും നൈട്രിക് ഓക്സൈഡ് അത്യാവശ്യമാണ്. ആന്റിബാക്ടീരിയൽ മൗത്ത് വാഷുകൾ ദോഷകരമായ ബാക്ടീരിയകൾക്കൊപ്പം ഈ നല്ല ബാക്ടീരിയകളെയും നശിപ്പിക്കുന്നത് ഇൻസുലിൻ പ്രതിരോധത്തിനും തുടർന്ന് ടൈപ്പ് 2 പ്രമേഹത്തിനും വഴിതെളിക്കും.

ദിവസത്തിൽ ഒരിക്കൽ മാത്രം മൗത്ത് വാഷ് ഉപയോഗിക്കുന്നവരിൽ കാര്യമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ല. വായനാറ്റമോ മോണരോഗമോ ഉള്ളവർക്ക് മൗത്ത് വാഷ് ഗുണകരമാണെങ്കിലും ഇത് സ്ഥിരം ശീലമാക്കുന്നതിന് മുൻപ് ഡോക്ടറുടെ ഉപദേശം തേടണം. ആൽക്കഹോൾ അടങ്ങാത്ത മൗത്ത് വാഷുകൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. പല്ല് തേക്കുന്നതിനും ഫ്ലോസ്സ് ചെയ്യുന്നതിനും പകരമല്ല മൗത്ത് വാഷ് എന്ന കാര്യം ഓർക്കണം. രക്തസമ്മർദ്ദമോ പ്രമേഹമോ ഉള്ളവർ ആന്റിബാക്ടീരിയൽ മൗത്ത് വാഷുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഗവേഷകർ നിർദ്ദേശിക്കുന്നു.