നിങ്ങളുടെ കുട്ടി കൂർക്കം വലിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം; പഠനത്തെയും വളർച്ചയെയും ബാധിച്ചേക്കാം!

  1. Home
  2. Health&Wellness

നിങ്ങളുടെ കുട്ടി കൂർക്കം വലിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം; പഠനത്തെയും വളർച്ചയെയും ബാധിച്ചേക്കാം!

child snoring


കുട്ടികളിലെ കൂർക്കംവലി പലപ്പോഴും മാതാപിതാക്കൾ ഗൗരവമായി എടുക്കാറില്ല. എന്നാൽ ഇത് വെറുമൊരു ഉറക്കപ്രശ്നമല്ല, മറിച്ച് കുട്ടിയുടെ വളർച്ചയെയും പഠനത്തെയും സ്വഭാവത്തെയും വരെ ബാധിക്കുന്ന 'അഡിനോയിഡ്' (Adenoid) എന്ന അവസ്ഥയുടെ ലക്ഷണമാകാം.

എന്താണ് അഡിനോയിഡ്?

കുട്ടികളുടെ മൂക്കിന് പിന്നിലും തൊണ്ടയ്ക്ക് മുകളിലുമായി കാണപ്പെടുന്ന രോഗപ്രതിരോധ കോശങ്ങളാണ് അഡിനോയിഡുകൾ. സാധാരണഗതിയിൽ അണുബാധകളെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഇവ 12 വയസ്സോടെ താനേ ചുരുങ്ങിപ്പോകാറാണ് പതിവ്. എന്നാൽ ചില കുട്ടികളിൽ അലർജി മൂലമോ വിട്ടുമാറാത്ത അണുബാധ കാരണമോ ഈ ഗ്രന്ഥികൾ വീർക്കുകയും വലുതാവുകയും ചെയ്യുന്നു. ഇതിനെയാണ് 'അഡിനോയിഡ് ഹൈപ്പർട്രോഫി' എന്ന് വിളിക്കുന്നത്.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ

  • ഉറക്കത്തിൽ കഠിനമായ കൂർക്കംവലി.

  • വായിലൂടെയുള്ള ശ്വസനം.

  • വിട്ടുമാറാത്ത മൂക്കൊലിപ്പും തൊണ്ടവേദനയും.

  • സ്ലീപ് അപ്നിയ (ഉറക്കത്തിനിടയിൽ ശ്വാസം താൽക്കാലികമായി നിലച്ചുപോകുന്ന അവസ്ഥ).

  • ഇടയ്ക്കിടെയുണ്ടാകുന്ന ചെവി വേദനയും കേൾവിക്കുറവും.

ഇത് കുട്ടികളെ എങ്ങനെയൊക്കെ ബാധിക്കും?

അഡിനോയിഡ് പ്രശ്നങ്ങൾ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ അത് കുട്ടിയുടെ ജീവിതത്തെ താഴെ പറയുന്ന രീതിയിൽ ബാധിക്കാം:

  1. പഠനനിലവാരം: രാത്രിയിൽ ശരിയായ ഉറക്കം ലഭിക്കാത്തതിനാൽ പകൽ സമയത്ത് കുട്ടികൾക്ക് അമിതമായ ക്ഷീണവും ശ്രദ്ധക്കുറവും അനുഭവപ്പെടും. ഇത് അവരുടെ പഠനത്തെയും സ്കൂളിലെ പ്രകടനത്തെയും ബാധിക്കും.

  2. സ്വഭാവ മാറ്റങ്ങൾ: ഉറക്കക്കുറവ് കാരണം കുട്ടികൾ പെട്ടെന്ന് ദേഷ്യപ്പെടുകയോ വാശി കാണിക്കുകയോ ചെയ്തേക്കാം. ചില കുട്ടികളിൽ കിടക്കയിൽ മൂത്രമൊഴിക്കുന്ന ശീലത്തിനും ഇത് കാരണമാകാറുണ്ട്.

  3. മുഖത്തിന്റെ ഘടന (Adenoid Facies): നിരന്തരം വായിലൂടെ ശ്വസിക്കുന്നത് കാരണം കുട്ടിയുടെ മുഖം മെലിഞ്ഞ് നീളമുള്ളതാകാനും പല്ലുകൾ ഉന്തി വരാനും സാധ്യതയുണ്ട്. ഇതിനെയാണ് 'അഡിനോയിഡ് ഫേഷ്യസ്' എന്ന് വിളിക്കുന്നത്.

  4. വളർച്ചാ മുരടിപ്പ്: ഗാഢനിദ്രയിലാണ് കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കപ്പെടുന്നത്. കൂർക്കംവലി കാരണം ഉറക്കം തടസ്സപ്പെടുമ്പോൾ അത് കുട്ടിയുടെ ശാരീരിക വളർച്ചയെയും തലച്ചോറിന്റെ വികാസത്തെയും ദോഷകരമായി ബാധിക്കും.

ചികിത്സയും ശസ്ത്രക്രിയയും

തുടക്കത്തിൽ മരുന്നുകളിലൂടെയും നേസൽ സ്പ്രേകളിലൂടെയും അഡിനോയിഡ് വീക്കം കുറയ്ക്കാൻ സാധിക്കും. എന്നാൽ മരുന്നുകൾ ഫലിക്കാത്ത സാഹചര്യത്തിലും കുട്ടിക്ക് ശ്വസിക്കാൻ പ്രയാസം അനുഭവപ്പെടുമ്പോഴും ഡോക്ടർമാർ 'എൻഡോസ്കോപ്പിക് അഡിനോയിഡെക്ടമി' എന്ന ശസ്ത്രക്രിയ നിർദ്ദേശിക്കാറുണ്ട്.

ഇന്ന് വളരെ സുരക്ഷിതമായ രീതിയിലാണ് ഈ ശസ്ത്രക്രിയ നടക്കുന്നത്. ചെറിയ ക്യാമറ (എൻഡോസ്കോപ്പ്) ഉപയോഗിച്ച് നടത്തുന്നതിനാൽ ഇത് കൃത്യതയുള്ളതും വേദന കുറഞ്ഞതുമാണ്. വായയിലൂടെയോ മൂക്കിലൂടെയോ ആണ് ഇത് ചെയ്യുന്നത് എന്നതിനാൽ പുറമേ മുറിവുകളോ തുന്നലുകളോ ഉണ്ടാവില്ല. ജനറൽ അനസ്തേഷ്യ നൽകുന്നതിനാൽ ശസ്ത്രക്രിയക്കിടെ കുട്ടികൾക്ക് വേദന അറിയുകയുമില്ല.

നേരത്തെ ചികിത്സിച്ചാലുള്ള ഗുണങ്ങൾ

കൃത്യസമയത്തുള്ള ചികിത്സ കുട്ടികൾക്ക് നല്ല ഉറക്കം നൽകുകയും അവരുടെ പഠനത്തിലും സ്വഭാവത്തിലും വലിയ പുരോഗതി ഉണ്ടാക്കുകയും ചെയ്യും. ചെവിയിലെ അണുബാധയും കേൾവിക്കുറവും ഒഴിവാക്കാൻ ഇത് സഹായിക്കും.

അതുകൊണ്ട്, നിങ്ങളുടെ കുട്ടികളിൽ ശ്വസന തടസ്സമോ വിട്ടുമാറാത്ത ജലദോഷമോ ഉറക്കെയുള്ള കൂർക്കംവലിയോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ഒരു ഇ.എൻ.ടി (ENT) വിദഗ്ദ്ധന്റെ സഹായം തേടുക.