കരളിനെ കാക്കാൻ കട്ടൻ കാപ്പി, പതിവാക്കിയാൽ അർബുദ സാധ്യത കുറയ്ക്കും
കാപ്പി ഒരു ഇൻസ്റ്റന്റ് എനർജി ബൂസ്റ്ററാണ്. എന്നാൽ അതിനപ്പുറത്ത് ദിവസവും രണ്ട് കപ്പ് വരെ കാപ്പി കുടിക്കുന്നത് കരൾ അർബുദമായ ഹെപ്പറ്റോസെല്ലുലാർ കാർസിനോമ പിടിപെടാനുള്ള സാധ്യത 35 ശതമാനം കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ദിവസവും രണ്ട് കപ്പ് കാപ്പി വരെ കുടിക്കുന്നത്, ഹെപ്പറ്റോസെല്ലുലാർ കാർസിനോമയുടെ അപകടസാധ്യത 35 ശതമാനം വരെ കുറയ്ക്കുന്നതായി ഒരു പിയർ-റിവ്യൂഡ് ഡോസ്-റെസ്‌പോൺസ് മെറ്റാ അനാലിസിസ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. മദ്യപാനം, ഹെപ്പറ്റൈറ്റിസ് അണുബാധകൾ, ബിഎംഐ എന്നിവ ക്രമീകരിച്ചതിനു ശേഷവും ഈയൊരു ബന്ധം ശക്തമായി നിലനിന്നുവെന്നും പഠനം പറയുന്നു.
കാപ്പി കരളിനെ എങ്ങനെ സംരക്ഷിക്കും
ആന്റിഓക്‌സിഡന്റുകൾ, പോളിഫെനോളുകൾ, ഡൈറ്റെർപീനുകൾ എന്നിവയുൾപ്പെടെ ആയിരത്തിലധികം സജീവമായ സംയുക്തങ്ങൾ കാപ്പിയിൽ അടങ്ങിയിട്ടുണ്ട്. അവ ശരീരത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കുകയും ഓക്‌സിഡേറ്റീവ് സമ്മർദം തടയുകയും കരൾ ഫൈബ്രോസിസിന്റെ പുരോഗതി മന്ദഗതിയിലാക്കുകയും ചെയ്യുന്നു. കരളിനുണ്ടാകുന്ന കേടുപാടുകൾ വിട്ടുമാറാതെയും നീണ്ടുനിൽക്കുകയും ചെയ്യുമ്പോൾ അത് സിറോസിസിലേക്ക് നയിച്ചേക്കാം. ഇത് കരൾ കാൻസർ സാധ്യത ഗണ്യമായി വർധിപ്പിക്കുന്നു.
പതിവായി കാപ്പി കുടിക്കുന്നവരിൽ മദ്യപിക്കാത്തവരെ അപേക്ഷിച്ച് ക്രോണിക് കരൾ രോഗം, സിറോസിസ്, കരൾ അർബുദം എന്നിവ കുറവാണെന്ന് നിരവധി അന്താരാഷ്ട്ര പഠനങ്ങൾ കാണിക്കുന്നു. ഫാറ്റി ലിവർ രോഗമോ വൈറൽ ഹെപ്പറ്റൈറ്റിസോ ഉള്ളവർക്ക് ഈ കണ്ടെത്തലുകൾ പ്രത്യേകിച്ച് ഗുണം ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു.
