മാനസികാരോഗ്യ പിന്തുണയുമായി ദുബൈ; 'ഇത്​മഇൻ' ഹെൽപ്​ലൈൻ പ്രവർത്തനം ആരംഭിച്ചു

  1. Home
  2. Health&Wellness

മാനസികാരോഗ്യ പിന്തുണയുമായി ദുബൈ; 'ഇത്​മഇൻ' ഹെൽപ്​ലൈൻ പ്രവർത്തനം ആരംഭിച്ചു

ith


ദുബൈയിലെ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും മാനസികാരോഗ്യ പിന്തുണ ഉറപ്പാക്കുന്നതിനായി 'ഇത്​മഇൻ' (Ithme’nan) എന്ന പേരിൽ പുതിയ ഹെൽപ്​ലൈൻ സംരംഭം ആരംഭിച്ചു. മാനസിക പ്രയാസങ്ങൾ നേരിടുന്നവർക്ക് കൃത്യമായ മാർഗനിർദേശങ്ങളും പരിഹാരങ്ങളും നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 800506 എന്ന ഹോട്ട്​ലൈൻ നമ്പറിലൂടെ സഹായം തേടുന്നവരുടെ വിവരങ്ങൾ പൂർണ്ണമായും സ്വകാര്യമായി സൂക്ഷിക്കുമെന്നും സേവനങ്ങൾ തികച്ചും സൗജന്യമായിരിക്കുമെന്നും ദുബൈ അധികൃതർ വ്യക്തമാക്കി.

ഈ ഹോട്ട്​ലൈൻ നമ്പറിൽ ബന്ധപ്പെടുന്നവർക്ക് വിദഗ്ധരായ കൗൺസിലർമാരുടെ സേവനം ലഭ്യമാകും. എല്ലാ ദിവസവും രാവിലെ ഒമ്പത് മണി മുതൽ അർധരാത്രി വരെയാണ് ഹെൽപ്​ലൈൻ പ്രവർത്തിക്കുക. ദുബൈ ഹെൽത്ത്, കമ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റി (CDA) എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മാനസികാരോഗ്യം സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള ദുബൈ സർക്കാരിന്റെ ഏകീകൃത സമീപനമാണ് ഈ പദ്ധതിയെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

കൂടാതെ, ഈ സംരംഭത്തിന്റെ ഭാഗമായി സന്നദ്ധ സേവനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും അവസരമുണ്ട്. വൈദ്യശാസ്ത്രം, നഴ്‌സിങ്, സൈക്കോളജി, സാമൂഹിക സേവനം എന്നീ മേഖലകളിൽ വൈദഗ്ധ്യമുള്ളവർക്ക് 'ദുബൈ നൗ' (Dubai Now) ആപ്ലിക്കേഷൻ വഴി സന്നദ്ധ സേവനത്തിനായി അപേക്ഷിക്കാം. മാനസിക സമ്മർദ്ദങ്ങളും മറ്റ് വിഷമതകളും നേരിടുന്നവർക്ക് ആശ്വാസം പകരാൻ ഈ ഹെൽപ്​ലൈൻ വലിയൊരു തുണയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.