ഡി.ആർ. കോംഗോയിലെയും യുഗാണ്ടയിലെയും എബോള വ്യാപനം; മരണം ആയിരം കടന്നുവെന്ന് ലോകാരോഗ്യസംഘടന
ഡി.ആർ.കോംഗോയിലെയും യുഗാണ്ടയിലെയും എബോള വ്യാപനത്തിൽ മരണം ആയിരം കടന്നുവെന്ന് ലോകാരോഗ്യസംഘടന. ഡി.ആർ. കോംഗോയിലെ രോഗികളുടെ എണ്ണം 2473 കടന്നു. 999 മരണങ്ങൾ ഉൾപ്പെടെയാണിത്. യുഗാണ്ടയിലെ രോഗികളുടെ എണ്ണം ഇരുപതും മരണനിരക്ക് രണ്ടും കടന്നു.
ഇരുരാജ്യങ്ങളിലെയും രോഗികളുടെയും മരണനിരക്കും ബുധനാഴ്ചയാണ് ലോകാരോഗ്യസംഘടന പുറത്തുവിട്ടത്. യുഗാണ്ടയിൽ കണ്ടെത്തിയ കേസുകളിൽ ഭൂരിഭാഗവും അതിർത്തി കടന്നെത്തിയ കോംഗോ പൗരന്മാരാണെന്നും രാജ്യം മൂന്നാഴ്ചയായി പുതിയ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടും രോഗവ്യാപനം തുടരുന്നുണ്ടെന്നും ഇപ്പോഴും രോഗത്തെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിലാണെന്നും ലോകാരോഗ്യ സംഘടനയുടെ കോംഗോയിലെ ഇൻസിഡന്റ് മാനേജർ തിയെർണോ ബാൾഡ് ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഡി.ആർ.((DRC) കോംഗോയിലെയും ഉഗാണ്ടയിലെയും എബോള വ്യാപനത്തിൽ നിരവധിപേർക്കാണ് ജീവൻ നഷ്ടമായത്. പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ലാത്ത എബോളയുടെ അപൂർവ വകഭേദമായ ബൂൻഡി ബുഗ്യോ ആണ് വ്യാപനത്തിനു പിന്നിൽ. എബോള വൈറസിന്റെ ആറ് വകഭേദങ്ങളിൽ ഒന്നാണിത്. സൈർ, സുഡാൻ, ടായ് ഫോറസ്റ്റ്, റെസ്റ്റോൺ, ബോംബാലി എന്നിവയാണ് മറ്റുള്ളവ.
2014-2016 കാലഘട്ടത്തിൽ പടിഞ്ഞാറൻ ആഫ്രിക്കയിലുണ്ടായ എബോള വ്യാപനത്തിൽ 28,600-ൽ അധികം പേർക്ക് രോഗം ബാധിച്ചിരുന്നു. 1976-ൽ എബോള കണ്ടെത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ വ്യാപനമായിരുന്നു ഇത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കോംഗോയിൽ ഇതിനുമുമ്പ് എബോള റിപ്പോർട്ടുചെയ്തത്. അന്ന് 34 പേർ മരിച്ചു. 2018-2020 കാലത്ത് എബോള വൈറസ് ബാധിച്ച് 2300 പേരാണ് ഇവിടെ മരിച്ചത്.
