ഹൈപ്പോതൈറോയ്ഡിസം; ഈ അഞ്ച് ഭക്ഷണങ്ങൾ ദിവസേന കഴിക്കാം

  1. Home
  2. Health&Wellness

ഹൈപ്പോതൈറോയ്ഡിസം; ഈ അഞ്ച് ഭക്ഷണങ്ങൾ ദിവസേന കഴിക്കാം

thyroid


ഉപാപചയപ്രവർത്തനങ്ങൾ, വളർച്ച, വികാസം തുടങ്ങിയ കാര്യങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ഹോർമോണുകൾ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥിയാണിത് തൈറോയ്ഡ്. കഴുത്തിന്റെ മുൻഭാഗത്ത് ചിത്രശലഭത്തിന്റെ ആകൃതിയിളാണ് ഇത് കാണപ്പെടുക. ചിലരിൽ ആവശ്യത്തിനു ഹോർമോണുകൾ തൈറോയ്ഡ് ഉൽപാദിപ്പിക്കാതിരിക്കുന്ന അവസ്ഥ കാണപ്പെടാറുണ്ട്. ഇതിനെയാണ് ഹൈപ്പോതൈറോയ്ഡിസം എന്ന് പറയുന്നത്. ശിശുക്കൾ മുതൽ വയോധികർ വരെയുള്ള ഏതു പ്രായക്കാർക്കും ഹൈപ്പോതൈറോയ്ഡിസം വന്നേക്കാം. ക്ഷീണം, ജലദോഷം, മലബന്ധം, വരണ്ടചർമം, കൊളസ്ട്രോൾ കൂടുക, സന്ധിവേദന തുടങ്ങിയവയെല്ലാം ഈ അവസ്ഥയുടെ ലക്ഷണങ്ങളാണ്. 

ഭക്ഷണരീതി മാറ്റിയാലും ഹൈപ്പോതൈറോയ്ഡിസം ഉള്ളവരുടെ ശരീരഭാരം സാധാരണയായി കുറയാറില്ല. പകരം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുകയും തൈറോയ്ഡിന്റെ ആരോഗ്യത്തിനാവശ്യമായ ഭക്ഷണം ദിവസേന കഴിക്കുകയും വേണം. സെലെനിയം, അയഡിൻ, സിങ്ക്, കാൽസ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണമാണ് പ്രധാനമായും കഴിക്കേണ്ടത്. ഈ പോഷകങ്ങൾ അടങ്ങിയ പ്രധാനപ്പെട്ട അഞ്ച് ഭക്ഷണങ്ങൾ ഇവയൊക്കെയാണ്. 

∙സീഡ്സ്, നട്സ്
തൈറോയ്ഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന സെലെനിയത്തിന്റെയും സിങ്കിന്റെയും കലവറയാണ് ബ്രസീൽ നട്സ്. ചിയ സീഡ്സ്, മത്തങ്ങാക്കുരു എന്നിവയിലും സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്. 

∙മുട്ട
സിങ്ക്, സെലെനിയം, പ്രോട്ടീൻ എന്നിവ ശരീരത്തിന് നൽകി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണമാണ് മുട്ട. തൈറോയ്ഡ് രോഗികൾക്ക് മുട്ടയുടെ മഞ്ഞയും വെള്ളയും ഒരുപോലെ കഴിക്കാം. എല്ലുകളെ ശക്തിപ്പെടുത്താനും ഇത് സഹായിക്കും. 

∙പയർ വർഗങ്ങൾ, ബീൻസ്
പ്രോട്ടീൻ ധാരാളം അടങ്ങിയതിനാൽ ഇവ മെറ്റബോളിസം മെച്ചപ്പെടുത്താൻ ഇവ സഹായിക്കും. ഏറെ നേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കുന്നതിനാൽ ശരീരഭാരം കൂടാതെ തടയുകയും ചെയ്യും.

∙പച്ചക്കറികൾ
വൈറ്റമിൻ സി, നാരുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവ അടങ്ങിയ തക്കാളി, കാപ്സിക്കം തുടങ്ങിയ പച്ചക്കറികൾ തൈറോയ്ഡ് ഉള്ളവരിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

∙വെള്ളം, കഫീൻ അടങ്ങാത്ത പാനീയങ്ങൾ
ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ പുറന്തള്ളാൻ വെള്ളം ധാരാളം കുടിക്കുന്നത് സഹായിക്കും. 
 
മരുന്നിലൂടെ മുഴുവനായും മാറ്റിയെടുക്കാനാകുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. എന്നാൽ ചികിത്സിക്കാതിരുന്നാൽ ഇത് ശരീരത്തെ ബാധിക്കും. ഉയർന്ന കൊളസ്ട്രോൾ, ഹൃദ്രോഗം, വന്ധ്യത, പ്രമേഹം, സന്ധിവാതം, ഓസ്റ്റിയോ പോറോസിസ് എന്നിവയ്‌ക്കെല്ലാം കാരണമാകും. ഈ അവസ്ഥ എത്രയും വേഗം തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നതാണ് നല്ലത്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതോടൊപ്പം യോഗ പോലുള്ള ശാരീരിക പ്രവർത്തനങ്ങളും രോഗികൾ ചെയ്യണം. ഇത് എൻഡോക്രൈൻ സംവിധാനത്തെ ഉത്തേജിപ്പിക്കുകയും ശരീരത്തിലെ ഓക്സിജൻ വിതരണം വർധിപ്പിക്കുകയും ചെയ്യും. പുകവലിയും മദ്യപാനവും ഒഴിവാക്കുന്നത് തൈറോയ്ഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും.