നിരവധി ആരോഗ്യ ഗുണങ്ങൾ ; വൈറ്റമിൻ ഡി ശരീരത്തിൽ ഉറപ്പാക്കാം

  1. Home
  2. Health&Wellness

നിരവധി ആരോഗ്യ ഗുണങ്ങൾ ; വൈറ്റമിൻ ഡി ശരീരത്തിൽ ഉറപ്പാക്കാം

Vitamin D


വെയിൽ എൽക്കുമ്പോൾ നമ്മുടെ ശരീരത്തിൽ നിര്‍മിക്കപ്പെടുന്ന ഒരു പോഷണമാണ് വൈറ്റമിന്‍ ഡി. ഇത് കൂടാതെ ഭക്ഷണത്തിലൂടെയും വൈറ്റമിന്‍ ഡി ശരീരത്തിലെത്തുന്നുണ്ട്. കാല്‍സിഫെറോള്‍ എന്നു കൂടി അറിയപ്പെടുന്ന വൈറ്റമിന്‍ ഡി ശക്തമായ എല്ലുകള്‍ക്കും പല്ലുകള്‍ക്കും വളരെ അത്യാവശ്യമാണ്.

കാല്‍സ്യം ആഗീരണം ചെയ്യാന്‍ സഹായിക്കുന്ന വെറ്റമിന്‍ ഡി പല്ല് കേടാകുന്നതും പോട് വരുന്നതും മോണരോഗങ്ങളുമെല്ലാം തടയാൻ സഹായിക്കും. വൈറ്റമിന്‍ ഡി ശരീരത്തിനു നൽകുന്ന ഗുണങ്ങൾ ഇവയൊക്കെയാണ്.

- ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാൻ വൈറ്റമിന്‍ ഡി സഹായിക്കും. വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ ആറ് മാസം   നൽകിയാൽ രോഗികളില്‍ ഇന്‍സുലിന്‍ സംവേദനത്വം മെച്ചപ്പെടുത്താനാകുമെന്ന് യൂറോപ്യന്‍ ജേണല്‍ ഓഫ് എന്‍ഡോക്രൈനോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നുണ്ട്.

- ഹൃദയസ്തംഭനം, പക്ഷാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ വൈറ്റമിന്‍ ഡി സഹായിക്കും.

- ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കാനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും വൈറ്റമിന്‍ ഡി സഹായിക്കും. ശരീരത്തില്‍ 
വൈറ്റമിന്‍ ഡി കുറവുള്ളവരിൽ ശ്വാസകോശ അണുബാധ ഉണ്ടാകാനുള്ള സാധ്യത അധികമാണെന്നും പഠനങ്ങളുണ്ട്. 

- അമിത ശരീരഭാരം ഉള്ളവരുടെ ശരീരത്തില്‍ വൈറ്റമിന്‍ ഡി തോത് കുറവായിരിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്. നിയന്ത്രിത ഭക്ഷണക്രമത്തോടൊപ്പം വൈറ്റമിന്‍ ഡിയും കാല്‍സ്യവും കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് ഡയറ്റീഷ്യന്മാര്‍ പറയുന്നത്. 

ഒരു വയസ്സ് മുതലുള്ളവര്‍ക്ക് പ്രതിദിനം 10 മൈക്രോഗ്രാം വൈറ്റമിന്‍ ഡി ആവശ്യമാണെന്നാണ് അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പറയുന്നത്. സൂര്യപ്രകാശത്തിലൂടെയും ഭക്ഷണക്രമത്തിലൂടെയും ആവശ്യത്തിന് വൈറ്റമിന്‍ ഡി ലഭിക്കാത്തവര്‍ക്ക് ഡോക്ടറുടെ നിർദേശം അനുസരിച്ച് സപ്ലിമെന്റുകളും കഴിക്കാവുന്നതാണ്.