കഴിക്കുമ്പോൾ മധുരം തോന്നില്ല; 'ഹിഡൻ ഷുഗർ' അടങ്ങിയ ഭക്ഷണങ്ങളെ തിരിച്ചറിയാം

  1. Home
  2. Health&Wellness

കഴിക്കുമ്പോൾ മധുരം തോന്നില്ല; 'ഹിഡൻ ഷുഗർ' അടങ്ങിയ ഭക്ഷണങ്ങളെ തിരിച്ചറിയാം

foods


ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ചായയിലും കാപ്പിയിലും പഞ്ചസാര ഒഴിവാക്കാറുണ്ടെങ്കിലും, ദിവസവും കഴിക്കുന്ന പല ഭക്ഷണങ്ങളിലൂടെയും അറിയാതെ തന്നെ വലിയ അളവിൽ പഞ്ചസാര ശരീരത്തിലെത്തുന്നുണ്ട്. ഇത്തരത്തിൽ ഒളിച്ചിരിക്കുന്ന മധുരത്തെയാണ് 'ഹിഡൻ ഷുഗർ' (Hidden Sugar) എന്ന് വിളിക്കുന്നത്. ശരീരഭാരം വർധിക്കാനും ടൈപ്പ്-2 പ്രമേഹം, ഫാറ്റി ലിവർ, ഹൃദ്രോഗം, ദന്തക്ഷയം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കും ഇത് വഴിവെക്കും. ഉൽപ്പന്നങ്ങളുടെ രുചിയും ടെക്സ്ചറും കൂട്ടുന്നതിനും ഷെൽഫ് ലൈഫ് വർധിപ്പിക്കുന്നതിനുമാണ് നിർമ്മാതാക്കൾ ഇത്തരം ഭക്ഷണങ്ങളിൽ പഞ്ചസാര ചേർക്കുന്നത്.

'ഹിഡൻ ഷുഗർ' അടങ്ങിയ പ്രധാന ഭക്ഷണങ്ങൾ:

  • ഫ്ലേവർഡ് യോഗർട്ട് & ബ്രെഡ്: ആരോഗ്യകരമെന്ന് കരുതുന്ന ഫ്ലേവർഡ് യോഗർട്ടുകളിലും വൈറ്റ്, ബ്രൗൺ ബ്രെഡുകളിലും മധുരം കൂട്ടാൻ പഞ്ചസാര ചേർക്കാറുണ്ട്.
  • ടൊമാറ്റോ കെച്ചപ്പ്, സോസ്, സാലഡ് ഡ്രസിങ്: മധുരമുള്ളതായി തോന്നാത്ത കെച്ചപ്പുകളിലും സാലഡ് ഡ്രസിംഗുകളിലും ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്.
  • പാക്കറ്റ് ഫ്രൂട്ട് ജ്യൂസ്, എനർജി ഡ്രിങ്കുകൾ: 100% സ്വാഭാവികം എന്ന് അവകാശപ്പെടുന്ന പ്രൊസസ്ഡ് ജ്യൂസുകളിലും സ്പോർട്സ് ഡ്രിങ്കുകളിലും അധിക മധുരം അടങ്ങിയിരിക്കുന്നു.
  • ബ്രേക്ക്‌ഫാസ്റ്റ് സീരിയൽ & ഇൻസ്റ്റന്റ് ഓട്സ്: പ്രഭാതഭക്ഷണമായി ഉപയോഗിക്കുന്ന കോൺഫ്ലേക്സ്, ഗ്രാനോള, ഫ്ലേവർഡ് ഓട്സ് പാക്കറ്റുകൾ എന്നിവയിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ്.
  • പ്രോട്ടീൻ ബാറുകൾ & പീനട്ട് ബട്ടർ: ഫിറ്റ്നസ് ഭക്ഷണങ്ങളെന്ന പേരിൽ വിപണിയിലെത്തുന്ന പല പ്രോട്ടീൻ ബാറുകളിലും ചില ബ്രാൻഡ് പീനട്ട് ബട്ടറുകളിലും മധുരം ചേർക്കാറുണ്ട്.
  • ബിസ്കറ്റുകൾ, ഇൻസ്റ്റന്റ് സൂപ്പുകൾ: ഉപ്പുള്ള ബിസ്കറ്റുകളിലും റെഡി-ടു-ഈറ്റ് സൂപ്പുകളിലും രുചി സന്തുലിതമാക്കാൻ ചെറിയ അളവിൽ പഞ്ചസാര ഉപയോഗിക്കാറുണ്ട്.

ഭക്ഷണസാധനങ്ങൾ വാങ്ങുമ്പോൾ പാക്കറ്റിലെ ലേബൽ പരിശോധിച്ച് "No Added Sugar" എന്ന് ഉറപ്പുവരുത്തുന്നത് ഹിഡൻ ഷുഗർ ഒഴിവാക്കാൻ സഹായിക്കും.