കർക്കടകത്തിൽ പ്രതിരോധശേഷിയേകാൻ ഔഷധഗുണമുള്ള ഉലുവക്കഞ്ഞി; എളുപ്പത്തിൽ തയ്യാറാക്കാം

  1. Home
  2. Health&Wellness

കർക്കടകത്തിൽ പ്രതിരോധശേഷിയേകാൻ ഔഷധഗുണമുള്ള ഉലുവക്കഞ്ഞി; എളുപ്പത്തിൽ തയ്യാറാക്കാം

uluva kanji


ഔഷധഗുണങ്ങളും പോഷകങ്ങളും നിറഞ്ഞ ഉലുവക്കഞ്ഞി കർക്കടക മാസത്തിൽ ആരോഗ്യ സംരക്ഷണത്തിന് ഏറെ ഉത്തമമാണ്. മഴക്കാലത്ത് ശരീരത്തിന് പ്രതിരോധശേഷി നൽകാനും, നടുവേദനയ്ക്ക് ആശ്വാസം പകരാനും, ദഹനപ്രക്രിയ മെച്ചപ്പെടുത്താനും ഈ കഞ്ഞി കുടിക്കുന്നത് സഹായിക്കും. പ്രഷർ കുക്കറിൽ ഇത് എളുപ്പത്തിൽ തയ്യാറാക്കാമെങ്കിലും, പരമ്പരാഗത രീതിയിൽ മൺകലത്തിൽ വേവിച്ചെടുക്കുന്ന കഞ്ഞിക്കാണ് രുചിയും ഗുണവും കൂടുതൽ.

ആവശ്യമായ ചേരുവകൾ:

  • ഉണക്കലരി – 1 കപ്പ് (കഴുകി വൃത്തിയാക്കിയത്)
  • ഉലുവ – 2 ടീസ്പൂൺ (കുതിർത്തത്)
  • ജീരകം – 1/2 ചെറിയ സ്പൂൺ
  • തേങ്ങ ചിരകിയത് – 1 മുറി തേങ്ങയുടേത്
  • ചെറിയ ഉള്ളി – 10-15 എണ്ണം
  • നെയ്യ് – 2-3 ടീസ്പൂൺ
  • ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം:

  1. ഉലുവയും അരിയും നന്നായി കഴുകി ആവശ്യത്തിന് വെള്ളത്തിൽ കുതിർക്കാൻ വെക്കുക.
  2. ഒരു പാത്രത്തിൽ നാല് കപ്പ് വെള്ളം ഒഴിച്ച് അരിയും ഉലുവയും ചേർത്ത് നന്നായി വേവിക്കുക.
  3. അരിയും ഉലുവയും നന്നായി വെന്തുവരുമ്പോൾ, ചിരകിയ തേങ്ങയും ജീരകവും കൈകൊണ്ട് നന്നായി ഞെരടി യോജിപ്പിച്ചത് ഇതിലേക്ക് ചേർത്തിളക്കുക.
  4. ആവശ്യത്തിന് ഉപ്പും ചേർത്ത് കഞ്ഞി നന്നായി തിളപ്പിച്ചു വാങ്ങാം.
  5. മറ്റൊരു പാനിൽ നെയ്യ് ചൂടാക്കി ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് മൂപ്പിച്ചെടുക്കുക. ഇത് തയ്യാറാക്കിവെച്ച കഞ്ഞിക്ക് മുകളിലേക്ക് ഒഴിച്ച് ചൂടോടെ കഴിക്കാവുന്നതാണ്.

കർക്കടക മാസത്തിൽ തുടർച്ചയായി 7 ദിവസമെങ്കിലും ഈ രീതിയിൽ ഉലുവക്കഞ്ഞി തയ്യാറാക്കി കുടിക്കുന്നത് ശരീരത്തിന് ഉന്മേഷവും ആരോഗ്യവും നിലനിർത്താൻ സഹായിക്കും.