രോഗപ്രതിരോധ ശേഷിക്ക് മഞ്ഞൾ ചേർത്ത പാൽ; ഗർഭിണികൾ കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഗർഭകാലത്ത് പ്രത്യേക പരിചരണവും ഭക്ഷണക്രമവും അത്യാവശ്യമാണ്. ഇക്കാലയളവിൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ പലരും നിർദ്ദേശിക്കുന്ന ഒന്നാണ് മഞ്ഞൾ ചേർത്ത പാൽ. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന 'കുർകുമിൻ' ആന്റി-ഇൻഫ്‌ളമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളാൽ സമ്പന്നമാണ്. പാലിനൊപ്പം മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ദഹനം സുഗമമാക്കാനും ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും സഹായിക്കും. ഗർഭിണികൾക്ക് മഞ്ഞൾ കലർത്തിയ പാൽ സുരക്ഷിതമാണെങ്കിലും ഇത് മിതമായ അളവിൽ മാത്രമേ ഉപയോഗിക്കാവൂ എന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ബാക്ടീരിയ മൂലമുണ്ടാകുന്ന അസുഖങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിനൊപ്പം ഗർഭകാലത്തോ പ്രസവശേഷമോ ഉണ്ടാകാനിടയുള്ള 'പ്രീഇക്ലാംസിയ' (Preeclampsia) എന്ന ഗൗരവമായ അവസ്ഥയെ തടയാനും മഞ്ഞൾ പാൽ സഹായിക്കുമെന്ന് കരുതപ്പെടുന്നു. എന്നാൽ, ഇതിന്റെ അമിതമായ ഉപയോഗം ചിലരിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കാം. ശരീരത്തിലെ ഈസ്ട്രജന്റെ അളവിൽ വ്യത്യാസം വരുത്താനും അത് ഗർഭപാത്ര സങ്കോചങ്ങളിലേക്കും ബ്ലീഡിങ്ങിലേക്കും നയിക്കാനും സാധ്യതയുണ്ടെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
അതുകൊണ്ട് തന്നെ ഗർഭകാലത്ത് മഞ്ഞൾ ചേർത്ത പാൽ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നതിന് മുൻപ് നിർബന്ധമായും ഗൈനക്കോളജിസ്റ്റിന്റെ ഉപദേശം തേടേണ്ടതാണ്. ഓരോരുത്തരുടെയും ശാരീരിക അവസ്ഥകൾ വ്യത്യസ്തമായതിനാൽ ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം ഇത്തരം പൊടിക്കൈകൾ പിന്തുടരുന്നതാണ് ഉചിതം. മിതമായ അളവിൽ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ മഞ്ഞൾ പാൽ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.
