കാലിലെ ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. Home
  2. Health&Wellness

കാലിലെ ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

foot crack


കാലിലെ ഉപ്പൂറ്റി വിണ്ടുകീറുന്നത് പലരെയും അലട്ടുന്ന ഒരു സാധാരണ ആരോഗ്യ-സൗന്ദര്യ പ്രശ്നമാണ്. കാലിലെ ചർമം അമിതമായി വരണ്ടുപോകുന്നതും കട്ടിയാകുന്നതുമാണ് ഇതിന് പിന്നിലെ പ്രധാന കാരണം. നടക്കുമ്പോഴും ദീർഘനേരം നിൽക്കുമ്പോഴും ഉപ്പൂറ്റിയിലെ ചർമത്തിന് സമ്മർദം ഏൽക്കുമ്പോൾ ഇത് ചെറിയ വിള്ളലുകളായി മാറുന്നു. കൃത്യസമയത്ത് ശ്രദ്ധിച്ചില്ലെങ്കിൽ വിള്ളലുകൾ ആഴത്തിലാകാനും കടുത്ത വേദനയ്ക്കും രക്തസ്രാവത്തിനും കാരണമായേക്കാം.

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, കൂടുതൽ സമയം നിൽക്കുന്നത്, പിന്നിൽ തുറന്ന ചെരിപ്പുകൾ ഉപയോഗിക്കുന്നത്, കാലുകൾക്ക് വേണ്ടത്ര സംരക്ഷണം നൽകാത്തത് എന്നിവയെല്ലാം ഉപ്പൂറ്റി വിണ്ടുകീറാൻ കാരണമാകാറുണ്ട്. ദിവസേനയുള്ള ലളിതമായ പരിചരണത്തിലൂടെ ഈ പ്രശ്നം ഒരു പരിധിവരെ തടയാൻ സാധിക്കും.

ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയാൻ ചെയ്യേണ്ട കാര്യങ്ങൾ:

ദിവസവും മോയ്സ്ചറൈസ് ചെയ്യാം: ചർമം വരണ്ടുപോകാതിരിക്കാൻ ദിവസവും മോയ്സ്ചറൈസർ ഉപയോഗിക്കണം. കുളിച്ചതിനു ശേഷവും രാത്രി ഉറങ്ങുന്നതിന് മുൻപും കട്ടിയുള്ള മോയ്സ്ചറൈസിങ് ക്രീം പുരട്ടുന്നത് ഏറെ നല്ലതാണ്. യൂറിയ (Urea), ഗ്ലിസറിൻ (Glycerin), സെറാമൈഡ് എന്നിവ അടങ്ങിയ ക്രീമുകൾ വരണ്ടതും കട്ടിയുള്ളതുമായ ചർമത്തിന് കൂടുതൽ ഫലപ്രദമാണ്.

രാത്രിയിൽ വാസലിൻ പുരട്ടാം: ഉപ്പൂറ്റിയിലെ വരൾച്ച കുറയ്ക്കാൻ പെട്രോളിയം ജെല്ലി അഥവാ വാസലിൻ ഉപയോഗിക്കാം. രാത്രി ഉറങ്ങുന്നതിന് മുൻപ് ഉപ്പൂറ്റിയിൽ വാസലിൻ പുരട്ടി കോട്ടൺ സോക്സ് ധരിക്കുന്നത് ചർമത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും.

കാലുകൾ വൃത്തിയായി സൂക്ഷിക്കാം: ദിവസവും കാലുകൾ കഴുകി വൃത്തിയാക്കണം. എന്നാൽ അമിതമായി ചൂടുള്ള വെള്ളത്തിൽ കഴുകുന്നത് ചർമത്തിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. അതിനാൽ ഇളംചൂടുള്ള വെള്ളം ഉപയോഗിക്കുക. കഴുകിയ ശേഷം വിരലുകൾക്കിടയിലും ഉപ്പൂറ്റിയിലും വെള്ളം നന്നായി തുടച്ചുമാറ്റണം.

പ്യൂമിസ് സ്റ്റോൺ ഉപയോഗിക്കാം: ഉപ്പൂറ്റിയിൽ കട്ടിയുള്ള ചർമം രൂപപ്പെടുന്നുണ്ടെങ്കിൽ പ്യൂമിസ് സ്റ്റോൺ ഉപയോഗിച്ച് മൃദുവായി ഉരച്ച് നീക്കം ചെയ്യാം. കാലുകൾ അൽപനേരം ഇളംചൂടുവെള്ളത്തിൽ മുക്കിവെച്ച ശേഷം ഇത് ചെയ്യുന്നതാണ് ഉചിതം. എന്നാൽ അമിതമായി ഉരയ്ക്കുകയോ ബ്ലേഡ് ഉപയോഗിച്ച് കട്ടിയുള്ള ചർമം മുറിച്ചുമാറ്റുകയോ ചെയ്യരുത്. വിള്ളലുകളോ മുറിവുകളോ ഉള്ള ഭാഗങ്ങളിൽ ഉരയ്ക്കുന്നതും ഒഴിവാക്കണം.

അനുയോജ്യമായ ചെരിപ്പുകൾ തിരഞ്ഞെടുക്കാം: ഉപ്പൂറ്റിക്ക് ആവശ്യമായ സപ്പോർട്ട് നൽകുന്ന ചെരിപ്പുകൾ ധരിക്കാൻ ശ്രദ്ധിക്കുക. പിന്നിൽ തുറന്ന ചെരിപ്പുകളുടെ തുടർച്ചയായ ഉപയോഗം ഒഴിവാക്കി, കട്ടിയുള്ള അടിഭാഗവും കുഷ്യനിങ്ങുമുള്ള ചെരിപ്പുകൾ ഉപയോഗിക്കുന്നത് ഉപ്പൂറ്റിയിലെ സമ്മർദം കുറയ്ക്കും.

വിശ്രമവും ജലാംശവും: തുടർച്ചയായി ദീർഘനേരം നിൽക്കുന്നത് ഒഴിവാക്കി ഇടവേളകളിൽ കാലുകൾക്ക് വിശ്രമം നൽകുക. ശരീരത്തിൽ ജലാംശം നിലനിർത്താൻ ആവശ്യത്തിന് വെള്ളം കുടിക്കുകയും സമീകൃതാഹാരം ശീലമാക്കുകയും വേണം.