കാൻസർ ചികിത്സയിൽ വിപ്ലവം; 7 മിനിറ്റിൽ നൽകാവുന്ന ഇമ്മ്യൂണോ തെറാപ്പി ഇന്ത്യയിൽ
കാൻസർ രോഗികൾക്ക് ആശ്വാസമായി അതിവേഗ ഇമ്മ്യൂണോ തെറാപ്പി ചികിത്സ ഇന്ത്യയിൽ അവതരിപ്പിച്ചു. മണിക്കൂറുകൾ നീളുന്ന ചികിത്സാ രീതിക്ക് പകരം വെറും ഏഴ് മിനിറ്റിനുള്ളിൽ മരുന്ന് ശരീരത്തിൽ എത്തിക്കാവുന്ന സാങ്കേതികവിദ്യയാണ് സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള പ്രമുഖ മരുന്ന് നിർമ്മാതാക്കളായ 'റോച്ചെ' (Roche) രാജ്യത്ത് കൊണ്ടുവന്നത്. 'ടെസെൻട്രിക്' (Tecentriq) എന്ന ഇമ്മ്യൂണോ തെറാപ്പി മരുന്നിന്റെ പുതിയ പതിപ്പാണ് ഇത്തരത്തിൽ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ശ്വാസകോശ അർബുദം ബാധിച്ചവർക്കാണ് പ്രധാനമായും ഈ ചികിത്സ പ്രയോജനപ്പെടുക. നേരത്തെ ഐ.വി (IV) രൂപത്തിൽ ഞരമ്പുകളിലൂടെ മണിക്കൂറുകൾ എടുത്ത് നൽകിയിരുന്ന ഈ മരുന്ന്, ഇനി മുതൽ ചർമ്മത്തിന് തൊട്ടുതാഴെയുള്ള ഫാറ്റി ടിഷ്യുവിലേക്ക് കുത്തിവെക്കുന്ന 'സബ്ക്യൂട്ടേനിയസ്' രീതിയിലൂടെ നൽകാം. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) ഇതിന് അനുമതി നൽകിക്കഴിഞ്ഞു. ഈ പുതിയ രീതിയിലൂടെ ചികിത്സാ സമയം 80 ശതമാനത്തോളം കുറയ്ക്കാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
രോഗികൾക്ക് അനുഭവപ്പെടുന്ന വേദനയും അസ്വസ്ഥതയും കുറയ്ക്കാനാവുമെന്നതിനൊപ്പം അണുബാധയ്ക്കുള്ള സാധ്യതയും പുതിയ ചികിത്സാ രീതിയിലൂടെ ഗണ്യമായി കുറയ്ക്കാം. ശരീരത്തിലെ എല്ലാ കോശങ്ങളെയും ബാധിക്കുന്ന കീമോതെറാപ്പിയിൽ നിന്ന് വ്യത്യസ്തമായി, ഇമ്മ്യൂണോ തെറാപ്പിയിലൂടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ കാൻസർ കോശങ്ങളെ മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കാൻ സജ്ജമാക്കുകയാണ് ചെയ്യുന്നത്.
രാജ്യത്ത് വായു മലിനീകരണം വർദ്ധിച്ചതോടെ പുകവലിക്കാത്തവരിലും ശ്വാസകോശ അർബുദം പടരുന്ന സാഹചര്യത്തിൽ ഈ കണ്ടെത്തൽ ഏറെ നിർണ്ണായകമാണ്. ലോകത്തിലെ കാൻസർ മരണങ്ങളിൽ 20 ശതമാനവും ശ്വാസകോശ അർബുദം മൂലമാണ് സംഭവിക്കുന്നത്. പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഈ രോഗത്തിന് വേഗത്തിലുള്ള ചികിത്സ ലഭ്യമാകുന്നത് ആരോഗ്യ മേഖലയിൽ വലിയ മാറ്റമുണ്ടാക്കും.
