ദമ്പതികളിൽ വർധിച്ചു വരുന്ന ‘സ്ലീപ് ഡിവോഴ്സ്’;
വിവാഹം കഴിഞ്ഞ ശേഷം ദമ്പതികൾ ഒരുമിച്ചുറങ്ങുന്നതാണ് പതിവ്. വിവാഹശേഷവും ഏതെങ്കിലും കാരണത്താൽ വെവ്വേറെ മുറികളിൽ ഉറങ്ങിയാൽ അതോടെ പ്രണയം അവസാനിച്ചുവെന്നും ബന്ധം തകർന്നുവെന്നും പലരും കരുതാറുണ്ട്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്നവരാണ് മില്ലേനിയൽസ്. അതുകൊണ്ടു തന്നെ സ്ലീപ് ഡിവോഴ്സ് എന്ന കാര്യം ദാമ്പത്യജീവിതത്തിൽ പിന്തുടരാൻ അവർ ഇഷ്ടപ്പെടുന്നു. അവരെ സംബന്ധിച്ചിടത്തോളം ദമ്പതികൾ വെവ്വേറെ ഉറങ്ങുന്നത് പ്രണയത്തിന്റെ അവസാനമല്ല, മറിച്ച് സന്തോഷകരമായ ദാമ്പത്യത്തിന്റെ അടയാളമാണ്.
പങ്കാളിയുടെ കൂർക്കം വലികൊണ്ടോ, ജീവിത ശൈലിയിലെ പ്രത്യേകത കൊണ്ടോ വിവാഹത്തിനു ശേഷം ഒറ്റരാത്രി പോലും സ്വസ്ഥമായി ഉറങ്ങാൻ പറ്റാത്തവരാണ് ഇതിന്റെ വക്താക്കൾ. ചിലയാളുകൾക്ക് സുഖനിദ്രയ്ക്ക് കിടക്കയുടെ പാതിയിലേറെ സ്ഥലം വേണ്ടി വരാറുണ്ട്. അത്തരക്കാരുടെ പങ്കാളികൾക്ക് സ്വസ്ഥമായി ഒന്നു തിരിഞ്ഞോ, മറിഞ്ഞോ കിടക്കാൻ പോലും സാധിക്കുന്നുണ്ടാവില്ല. ചിലർ രാത്രി മുഴുവൻ സിനിമ കണ്ട് പുലർച്ചെ ഉറങ്ങുന്നവരായിരിക്കും അത്തരക്കാരുടെ പങ്കാളികൾക്കും ഫോണിന്റെ വെട്ടം മുഖത്തടിക്കുന്നതുകൊണ്ട് നല്ല ഉറക്കം കിട്ടില്ല. ചിലർക്ക് കൂടെക്കിടക്കുന്നവരുടെ മുകളിൽ കൈയോ, കാലോ ഉയർത്തിവച്ചാലേ ഉറക്കം കിട്ടൂ. അവരുടെ പങ്കാളികൾക്ക് ചിലപ്പോൾ തനിച്ചുറങ്ങാനായിരിക്കും ഇഷ്ടം. ഇത്തരം പ്രശ്നങ്ങളെയൊക്കെ പരസ്പര ബഹുമാനത്തോടെ ചർച്ച ചെയ്ത ശേഷം രണ്ട് മുറിയിലായി ഉറങ്ങുന്നതാണ് ഇരുകൂട്ടർക്കും നല്ലതെന്ന് സംയുക്തമായി തീരുമാനമെടുക്കുന്നവരാണ് സ്ലീപ് ഡിവോഴ്സ് രീതി പിന്തുടരുന്നവർ.
വിവാഹത്തിന്റെ തുടക്കകാലത്ത് ഒരുമിച്ച് ഉറങ്ങുന്നത് സുരക്ഷയും സാന്ത്വനവുമൊക്കെയായി അനുഭവപ്പെട്ടിരുന്നെങ്കിലും മുന്നോട്ട് പോകുമ്പോൾ ആ തോന്നലിൽ മാറ്റമുണ്ടായതുകൊണ്ട് വെവ്വേറെ ഉറങ്ങാൻ തീരുമാനിച്ച ദമ്പതികളുണ്ടെന്ന് 2016-ൽ ക്രോണോബയോളജി ഇന്റർനാഷണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. ഹിൽട്ടണിന്റെ 2025 ട്രെൻഡ്‌സ് റിപ്പോർട്ട് പറയുന്നത് പരമ്പരാഗതമായി പിന്തുടരുന്ന ഒരുമിച്ചുള്ള ഉറക്കത്തേക്കാൾ നല്ല ഉറക്കത്തിനും പഴ്സണൽ സ്പേസിനും അവസരം നൽകുന്ന സ്ലീപ് ഡിവോഴ്സ് തന്നെയാണ് നല്ലതെന്നാണ് കൂടുതൽ ആളുകൾ അഭിപ്രായപ്പെടുന്നതെന്നാണ്. ഒരു വ്യക്തിയുടെ ഉറക്കത്തിന്റെ ഗുണനിലവാരത്തിന്റെ 30 ശതമാനത്തോളം പങ്കാളിയുടെ ഉറക്ക ശീലങ്ങളെ ബാധിക്കാമെന്നും കൂർക്കംവലി, സ്ലീപ് അപ്നിയ, വ്യത്യസ്ത ശരീര താപനിലകൾ, പൊരുത്തപ്പെടാത്ത ഉറക്ക സമയക്രമങ്ങൾ എന്നിവ വിശ്രമത്തെ ഗുരുതരമായി തടസ്സപ്പെടുത്തുമെന്നും സ്ലീപ്പ് റിസർച്ച് സൊസൈറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.
