കുട്ടികളിലെ സ്മാർട്ട്ഫോൺ ഉപയോഗം പഠനത്തെയും ഓർമശക്തിയെയും ബാധിച്ചേക്കാമെന്ന് പഠനം

  1. Home
  2. Health&Wellness

കുട്ടികളിലെ സ്മാർട്ട്ഫോൺ ഉപയോഗം പഠനത്തെയും ഓർമശക്തിയെയും ബാധിച്ചേക്കാമെന്ന് പഠനം

screen time


ചെറുപ്പകാലത്തെ അമിതമായ സ്മാർട്ട്ഫോൺ, സ്ക്രീൻ ഉപയോഗം കുട്ടികളുടെ പഠനശേഷിയെയും ഓർമശക്തിയെയും പ്രതികൂലമായി ബാധിച്ചേക്കാമെന്ന് പഠനം. ഫ്രാൻസിലെ ഇൻസേം, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ എന്നിവടങ്ങളിലെ ഗവേഷകർ സിംഗപ്പൂരിലെ 502 കുട്ടികളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 'വേൾഡ് ജേണൽ ഓഫ് പീഡിയാട്രിക്സി'ൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒരു വയസ്സിലും ആറ് വയസ്സിലും അതിനടുത്ത് പ്രായമുള്ളപ്പോഴും കൂടുതൽ സമയം സ്ക്രീനുകൾക്ക് മുന്നിൽ ചെലവഴിച്ച കുട്ടികളിൽ പിന്നീട് ഒൻപതാം വയസ്സിലെ പഠന പ്രകടനത്തിലും 10.5 വയസ്സിലെ പ്രവർത്തന ഓർമശേഷിയിലും (Working Memory) കുറവുണ്ടാകുന്നതായി കണ്ടത്തി. ആകെ ഉപയോഗിക്കുന്ന സമയത്തേക്കാൾ ഏത് പ്രായത്തിലാണ് കൂടുതൽ സ്ക്രീൻ ഉപയോഗം എന്നതിനാണ് ഗവേഷകർ പ്രാധാന്യം നൽകിയത്.

കളി, വായന, മാതാപിതാക്കളുമായുള്ള ആശയവിനിമയം തുടങ്ങിയ വളർച്ചയ്ക്ക് ആവശ്യമായ കാര്യങ്ങൾക്ക് സമയം കിട്ടാതെ പോകുന്നതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ കേവലം സമയപരിധി മാത്രമല്ല, സ്ക്രീൻ ഉപയോഗിക്കുന്ന പ്രായം, ഉള്ളടക്കം, മാതാപിതാക്കളുടെ കൂടെയിരുന്നുള്ള ഉപയോഗം എന്നിവയും കുട്ടികളുടെ വികാസത്തിൽ നിർണായകമാണെന്ന് പഠനം വ്യക്തമാക്കുന്നു.