ടാൽകം പൗഡർ കാൻസറിന് കാരണമാകുന്നു; 5.5 ബില്യൺ ഡോളർ നൽകി ഒത്തുതീർപ്പിന് ജോൺസൺ & ജോൺസൺ
ബേബി പൗഡറും മറ്റ് ടാൽകം ഉൽപ്പന്നങ്ങളും അണ്ഡാശയ കാൻസറിന് (ഒവേറിയൻ കാൻസർ) കാരണമാകുന്നുവെന്ന പതിനായിരക്കണക്കിന് ഹർജികളിൽ വൻ തുക നൽകി ഒത്തുതീർപ്പിന് തയ്യാറായി പ്രമുഖ മരുന്ന് നിർമാണ കമ്പനിയായ ജോൺസൺ & ജോൺസൺ. 5.5 ബില്യൺ ഡോളർ വരെ (ഏകദേശം 45,000 കോടിയിലധികം രൂപ) നഷ്ടപരിഹാരമായി നൽകാനാണ് കമ്പനി ധാരണയിലെത്തിയത്.
ന്യൂജേഴ്‌സിയിലെ ഫെഡറൽ കോടതിയിലുള്ളവ ഉൾപ്പെടെ ഏകദേശം 76,000 കേസുകളിന്മേലാണ് പുതിയ ഒത്തുതീർപ്പ് നിർദ്ദേശം. എന്നാൽ, പരാതിക്കാരിൽ 95 ശതമാനം പേരും സ്റ്റേറ്റ് അല്ലെങ്കിൽ ഫെഡറൽ കോടതികളിൽ ഈ ഒത്തുതീർപ്പ് വ്യവസ്ഥ അംഗീകരിച്ചാൽ മാത്രമേ ഇത് അന്തിമമാകൂ. 2027-ൽ 3 ബില്യൺ ഡോളറും 2028-ൽ ബാക്കി തുകയും നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതേസമയം പങ്കാളികളാകുന്ന ആൾക്കാരുടെ എണ്ണം ഉയർന്നാൽ നഷ്ടപരിഹാര തുക 7 ബില്യൺ ഡോളർ വരെ ഉയർന്നേക്കാമെന്ന് പരാതിക്കാരുടെ അഭിഭാഷകർ വ്യക്തമാക്കുന്നു. കേസുകൾക്ക് അടിസ്ഥാനമില്ലെന്നും കമ്പനി വിജയിക്കുമെന്ന ഉറപ്പുണ്ടായിട്ടും ദീർഘകാല നിയമപോരാട്ടങ്ങൾ അവസാനിപ്പിച്ച് ജീവൻരക്ഷാ മരുന്നുകളിലും ഉപകരണങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഒത്തുതീർപ്പിന് തയ്യാറായതെന്നും ജോൺസൺ & ജോൺസൺ വൈസ് പ്രസിഡന്റ് എറിക് ഹാസ് അറിയിച്ചു. തങ്ങളുടെ ഉൽപ്പന്നങ്ങൾ സുരക്ഷിതവും ആസ്ബെസ്റ്റോസ് രഹിതവുമാണെന്നാണ് കമ്പനി ആവർത്തിക്കുന്നത്.
നേരത്തെ പ്രചാരണങ്ങളെ തുടർന്ന് ആവശ്യക്കാർ കുറഞ്ഞതോടെ 2020-ൽ അമേരിക്കയിലും കാനഡയിലും ടാൽക് പൗഡർ വിൽപ്പന നിർത്തിയ കമ്പനി, 2023-ഓടെ ആഗോളതലത്തിൽ പൂർണമായി വിൽപ്പന അവസാനിപ്പിച്ച് ചോളപ്പൊടി (കോൺസ്റ്റാർച്ച്) അടിസ്ഥാനമാക്കിയുള്ള പൗഡറുകളിലേക്ക് മാറിയിരുന്നു. അതേസമയം, ടാൽകം പൗഡറിൽ അടങ്ങിയിരിക്കുന്ന ടാൽക് എന്ന ധാതു ഒവേറിയൻ കാൻസറിന് കാരണമായേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ അന്താരാഷ്ട്ര കാൻസർ ഗവേഷണ ഏജൻസിയും (IARC) വ്യക്തമാക്കിയിരുന്നു.
