വാക്സിനോ ചികിത്സയോ ഇല്ല; കോംഗോയിൽ ആശങ്ക പരത്തി അത്യപൂർവ എബോള വകഭേദമായ 'ബൂൻഡിബുഗോ' പടരുന്നു
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും (ഡിആർ കോംഗോ) യുഗാണ്ടയിലും എബോള വ്യാപനം രൂക്ഷമായതിനെത്തുടർന്ന് ലോകാരോഗ്യ സംഘടന (WHO) പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വൈറസ് ബാധിച്ച് തൊണ്ണൂറോളം പേർ മരിച്ച സാഹചര്യത്തിലാണ് നടപടി. അത്യപൂർവവും മാരകവുമായ 'ബൂൻഡിബുഗോ' (Bundibugyo) എന്ന എബോള വകഭേദമാണ് ഈ പുതിയ വ്യാപനത്തിന് പിന്നിൽ. ബുനിയ, റുവാംപാര, മൊങ്ബ്വാലു എന്നീ പ്രദേശങ്ങളുൾപ്പെടെയുള്ള കോംഗോയിലെ ഇട്ടൂരി പ്രവിശ്യയിലാണ് രോഗബാധ നിലവിൽ കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തൊണ്ണൂറിനടുത്ത് മരണങ്ങളും 330 സംശയാസ്പദ കേസുകളും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആഫ്രിക്ക സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (Africa CDC) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇനിയും കൂടുതൽ കേസുകൾ പുറത്തുവരാനുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിഗമനം. എബോള വൈറസിന്റെ ലഭ്യമായ ആറ് വകഭേദങ്ങളിൽ ഒന്നാണ് ബൂൻഡിബുഗോ (മറ്റു വകഭേദങ്ങൾ: സൈർ, സുഡാൻ, ടായ് ഫോറസ്റ്റ്, റെസ്റ്റോൺ, ബോംബാലി എന്നിവയാണ്). നിലവിൽ 'സൈർ' വകഭേദത്തിന് മാത്രമേ വാക്സിനുകൾ ലഭ്യമായിട്ടുള്ളൂ. ബൂൻഡിബുഗോ വകഭേദത്തിന് പ്രത്യേക വാക്സിനോ കൃത്യമായ ചികിത്സയോ കണ്ടെത്താത്തതാണ് ആരോഗ്യലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അതിനാൽ തന്നെ അസാധാരണ വകഭേദം എന്നാണ് ലോകാരോഗ്യ സംഘടന ഇതിനെ വിശേഷിപ്പിക്കുന്നത്. ആദ്യമായി 2007-ൽ ഉഗാണ്ടയിലാണ് ഈ വകഭേദം കണ്ടെത്തിയത്.
1976-ൽ എബോള ആദ്യമായി തിരിച്ചറിഞ്ഞതിന് ശേഷം കോംഗോയിലുണ്ടാകുന്ന 17-ാമത്തെ രോഗബാധയാണിത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇവിടെ എബോള റിപ്പോർട്ട് ചെയ്തപ്പോൾ 34 പേർ മരിച്ചിരുന്നു. 2018-2020 കാലഘട്ടത്തിലുണ്ടായ വൻ വ്യാപനത്തിൽ 2300 പേരാണ് കോംഗോയിൽ രോഗബാധ മൂലം മരണപ്പെട്ടത്.
രോഗലക്ഷണങ്ങളും പകരുന്ന രീതിയും
രോഗബാധിതരുടെയോ രോഗം മൂലം മരിച്ചവരുടെയോ രക്തം, വിസർജ്യം, മറ്റ് ശരീരസ്രവങ്ങൾ എന്നിവയിലൂടെയാണ് എബോള പകരുന്നത്. കുരങ്ങുകൾ, മാനുകൾ, മുള്ളൻപന്നികൾ എന്നിവയിൽ നിന്നും ഇവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയും രോഗം മനുഷ്യരിലേക്ക് എത്താം. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 2 മുതൽ 21 ദിവസത്തിനുള്ളിൽ പനി, തലവേദന, പേശിവേദന, തൊണ്ടവേദന, കടുത്ത ക്ഷീണം, ഛർദ്ദി, വയറിളക്കം, അകാരണമായ രക്തസ്രാവം എന്നീ ലക്ഷണങ്ങൾ പ്രകടമാകും. രോഗം ഗുരുതരമാകുന്നവരിൽ കരൾ, വൃക്ക എന്നിവയുടെ തകരാർ മൂലം മരണം വരെ സംഭവിക്കാം.
പ്രതിരോധ മാർഗങ്ങൾ
വാക്സിൻ ലഭ്യമല്ലാത്തതിനാൽ കൃത്യമായ പ്രതിരോധമാണ് ഏക പോംവഴി. ജന്തുജന്യ രോഗമായതിനാൽ ശരിയായി പാകം ചെയ്ത മാംസം മാത്രം കഴിക്കുക. രോഗബാധിതരുമായുള്ള സമ്പർക്കം പൂർണ്ണമായും ഒഴിവാക്കുകയും രോഗികളെ എത്രയും വേഗം ഐസലേഷൻ വിഭാഗത്തിലേക്ക് മാറ്റി സപ്പോർട്ടീവ് ചികിത്സ ലഭ്യമാക്കുകയുമാണ് ചെയ്യേണ്ടത്. വായുവിലൂടെയോ വെള്ളത്തിലൂടെയോ ഈ രോഗം പകരില്ലെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
