മഴക്കാലത്ത് മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. Home
  2. Health&Wellness

മഴക്കാലത്ത് മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

image


മഴക്കാലത്ത് ഈർപ്പം കൂടുന്നതിനാൽ മുടികൊഴിച്ചിൽ, താരൻ, തലയോട്ടിയിലെ ചൊറിച്ചിൽ തുടങ്ങിയ പ്രശ്‌നങ്ങൾ പലർക്കും ഉണ്ടാകാറുണ്ട്. ശരിയായ പരിചരണത്തിലൂടെ മുടിയുടെ ആരോഗ്യം നിലനിർത്താം.

തലമുടിയും തലയോട്ടിയും കൃത്യമായി കഴുകുക

വിയർപ്പ്, അഴുക്ക്, തലയോട്ടിയിലെ അമിതമായ എണ്ണമയം എന്നിവ നീക്കം ചെയ്യാൻ മുടി കൃത്യമായി കഴുകണം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മുടി കഴുകുന്നത് ഉചിതമാണ്. എന്നാൽ അമിതമായി മുടി കഴുകുന്നത് ഒഴിവാക്കണം. ഇത് തലയോട്ടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തി മുടി വരണ്ടതാക്കാം.

ഷാംപൂവും കണ്ടീഷണറും ശരിയായ രീതിയിൽ ഉപയോഗിക്കുക

ഷാംപൂ തലയോട്ടി വൃത്തിയാക്കാൻ സഹായിക്കുമ്പോൾ, കണ്ടീഷണർ മുടിയുടെ ഈർപ്പവും തിളക്കവും നിലനിർത്താൻ സഹായിക്കുന്നു. ഇത് മുടി കെട്ടുപിണയുന്നതും പൊട്ടിപ്പോകുന്നതും കുറയ്ക്കും. എന്നാൽ ഡോക്ടറുടെ നിർദേശമില്ലാതെ മെഡിക്കേറ്റഡ് ഷാംപൂകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഇത് ചിലപ്പോൾ തലയോട്ടി വരണ്ടതാക്കാനും ചൊറിച്ചിലിന് കാരണമാകാനും സാധ്യതയുണ്ട്.

മഴ നനഞ്ഞാൽ ഉടൻ മുടി കഴുകുക

മഴവെള്ളത്തിൽ തലയോട്ടിക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന ഘടകങ്ങൾ ഉണ്ടാകാം. അതിനാൽ മഴ നനഞ്ഞാൽ വെള്ളം കൂടുതൽ സമയം തലയിൽ വയ്ക്കരുത്. വീട്ടിലെത്തിയ ശേഷം ശുദ്ധമായ വെള്ളത്തിൽ മുടി കഴുകി നന്നായി ഉണക്കണം.

നനഞ്ഞ മുടി കെട്ടിവയ്ക്കരുത്

മുടി നനഞ്ഞിരിക്കുമ്പോൾ കെട്ടിവയ്ക്കുകയോ സ്‌റ്റൈൽ ചെയ്യുകയോ ചെയ്യരുത്. നനഞ്ഞ സമയത്ത് മുടിക്ക് ബലം കുറവായതിനാൽ എളുപ്പത്തിൽ പൊട്ടാനും കെട്ടുപിണയാനും ഫംഗസ് ബാധ ഉണ്ടാകാനും സാധ്യതയുണ്ട്.

ഹീറ്റ്, കെമിക്കൽ ട്രീറ്റ്മെന്റുകൾ പരിമിതപ്പെടുത്തുക

മഴക്കാലത്ത് ഹെയർ ഡ്രയർ, ഹെയർ കളറിംഗ്, മറ്റ് കെമിക്കൽ ട്രീറ്റ്മെന്റുകൾ എന്നിവയുടെ അമിത ഉപയോഗം ഒഴിവാക്കുക. ഇവ മുടിയുടെ സ്വാഭാവിക ഘടനയെ ദുർബലപ്പെടുത്തുകയും കേടുപാടുകൾക്ക് കാരണമാകുകയും ചെയ്യും.

ഭക്ഷണത്തിലും ശ്രദ്ധ വേണം

പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ സമീകൃത ആഹാരം മുടിയുടെ വളർച്ചയ്ക്കും കരുത്തിനും സഹായിക്കും. അമിതമായ താരൻ, വിട്ടുമാറാത്ത ചൊറിച്ചിൽ, ശക്തമായ മുടികൊഴിച്ചിൽ തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ സ്വയം ചികിത്സയ്ക്ക് പകരം ചർമ്മരോഗ വിദഗ്ധന്റെ സഹായം തേടണം.