കർക്കടകത്തിൽ ഭക്ഷണക്രമം ഇങ്ങനെയാകാം; ഒഴിവാക്കേണ്ടതും ചേർക്കേണ്ടതും
കൊല്ലവർഷത്തിലെ അവസാന മാസമായ കർക്കടകം കനത്ത മഴയുടെയും കാലാവസ്ഥാ വ്യതിയാനങ്ങളുടെയും സമയമാണ്. 'പഞ്ഞമാസം', 'രാമായണമാസം' എന്നതിനൊപ്പം തന്നെ ശാരീരിക നവീകരണത്തിനുള്ള 'ആരോഗ്യസംരക്ഷണ മാസം' കൂടിയാണിത്. ആയുർവേദ പ്രകാരം ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും ദഹനശക്തി ദുർബലമാകുകയും ചെയ്യുന്ന കാലയളവായതിനാൽ കർക്കടകത്തിൽ ഭക്ഷണകാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ:
-
ലഘുഭക്ഷണങ്ങൾ: എളുപ്പത്തിൽ ദഹിക്കുന്ന സസ്യാഹാരങ്ങൾക്ക് മുൻഗണന നൽകുക.
-
ദഹന സഹായികൾ: ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, പുതിനയില, ചുക്ക് തുടങ്ങിയവ ആഹാരത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നത് ദഹനപ്രക്രിയ സുഗമമാക്കും.
-
പഴങ്ങളും പച്ചക്കറികളും: ഫ്രഷ് ആയ പച്ചക്കറികളും പഴവർഗ്ഗങ്ങളും ധാരാളമായി കഴിക്കുക.
-
കർക്കടക കഞ്ഞി: പ്രതിരോധശേഷി കൂട്ടാൻ ഔഷധക്കഞ്ഞി ശീലമാക്കാം. വിപണിയിൽ ലഭ്യമാകുന്ന ഇൻസ്റ്റന്റ് കഞ്ഞി കിറ്റുകൾ ഇതിനായി ഉപയോഗിക്കാവുന്നതാണ്.
-
തിളപ്പിച്ചാറിയ വെള്ളം: കുടിക്കാൻ തിളപ്പിച്ചാറിയ ചെറുചൂടുവെള്ളം മാത്രം ഉപയോഗിക്കുക.
ഒഴിവാക്കേണ്ടവ:
-
മത്സ്യ-മാംസാദികൾ: ഈ സമയത്ത് മാംസാഹാരം കഴിക്കുന്നത് ദഹനക്കേടിനും മറ്റ് ആമാശയ പ്രശ്നങ്ങൾക്കും കാരണമായേക്കാം.
-
പുറത്തുനിന്നുള്ള ഭക്ഷണം: അണുബാധകൾ പടരാൻ സാധ്യതയുള്ളതിനാൽ ജങ്ക് ഫുഡും പുറത്തുനിന്നുള്ള ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കുക.
-
തണുത്ത പാനീയങ്ങൾ: തണുത്ത വെള്ളവും ഐസ് ഇട്ട പാനീയങ്ങളും ഉപയോഗിക്കരുത്.
-
അമിത രുചികൾ: ചവർപ്പ്, കയ്പ്പ്, എരിവ് എന്നീ രസങ്ങൾ കർക്കടകത്തിൽ കുറയ്ക്കുന്നതാണ് ഉത്തമം.
നിത്യജീവിതത്തിൽ പാലിക്കേണ്ട ആരോഗ്യശീലങ്ങൾ:
-
രാവിലെ നേരത്തെ എഴുന്നേറ്റ് ലഘു വ്യായാമങ്ങളോ യോഗയോ ശീലമാക്കുക.
-
മഴ നനഞ്ഞ വസ്ത്രങ്ങൾ ദീർഘനേരം ധരിച്ചിരിക്കരുത്. നനഞ്ഞാൽ ശരീരം നന്നായി തുടച്ചുണക്കണം.
-
അനാവശ്യമായി ആയുർവേദ മരുന്നുകളോ ഔഷധസസ്യങ്ങളോ സ്വയം ചികിത്സയ്ക്കായി ഉപയോഗിക്കരുത്.
-
പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളുള്ളവർ കൃത്യമായി മരുന്നുകൾ കഴിക്കാൻ ശ്രദ്ധിക്കണം.
-
പനി, ചുമ, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ നീണ്ടുനിന്നാൽ സ്വയംചികിത്സ ഒഴിവാക്കി ഡോക്ടറെ സമീപിക്കുക.
Slug: Karkidakam-Diet-And-Health-Tips-Ayurveda-Care-In-Monsoon-Season
