പ്രമേഹരോഗികൾക്ക് ഏറ്റവും ഉത്തമമായ പച്ചക്കറി ഇതാണ്; അറിയാം ഗുണങ്ങൾ

ശരീരത്തിൽ പഞ്ചസാരയുടെ അളവ് വീണ്ടും കൂടാതിരിക്കാൻ പ്രമേഹരോഗികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനായി ജീവിതശൈലിയിലും ഭക്ഷണശീലങ്ങളിലും അവർ മാറ്റം വരുത്തണം. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ധാരാളം നാരുകൾ അടങ്ങിയതും, അന്നജവും പ്രോട്ടീനും അടങ്ങിയതുമായ ഭക്ഷണമാണ് പ്രമേഹരോഗികൾക്ക് ഏറ്റവും അനുയോജ്യം.
ദിവസേന പച്ചനിറത്തിലുള്ള പച്ചക്കറികള്‍ കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കുമെന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്. ഇതിൽ എളുപ്പത്തിൽ ലഭ്യമായതും പ്രമേഹമുള്ളവർക്ക് ഏറ്റവും ഉത്തമവുമായ ഭക്ഷണമാണ് ബീൻസ്.
ഗ്ലൈസെമിക് ഇൻഡെക്സ് ബീൻസിൽ കുറവായതിനാൽ സ്റ്റാർച്ച് അടങ്ങിയ മറ്റ് ഭക്ഷണങ്ങളെക്കാൾ പ്രമേഹം നിയന്ത്രിക്കാൻ ഇത് ഫലപ്രദമാണെന്നാണ് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ പറയുന്നത്. ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയ ബീൻസ്, പ്രമേഹരോഗികൾ ദിവസേന ഒരു നേരമെങ്കിലും കഴിക്കണം.
ടൈപ്പ് 2 പ്രമേഹമുള്ള മുതിർന്നവരിൽ ബീൻസ് കഴിച്ചപ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നില്ലെന്നാണ് ‘ന്യൂട്രീഷൻ’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. ബീൻസിൽ ധാരാളം പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ പൂരിത കൊഴുപ്പുകളും ഇല്ല. ഇതാണ് ബീൻസിനെ ഒരു ആരോഗ്യഭക്ഷണമാക്കുന്നത്.
ചോറ്, ഉരുളക്കിഴങ്ങ് തുടങ്ങിയ സ്റ്റാർച്ച് അടങ്ങിയ ഭക്ഷണങ്ങളേക്കാൾ കൂടുതൽ പ്രോട്ടീൻ ബീൻസിലാണുള്ളത്. ബീൻസിൽ സോല്യുബിൾ ഫൈബർ ധാരാളം ഉള്ളതിനാൽ ദഹനം മെച്ചപ്പെടുത്താനും ഉദരാരോഗ്യത്തിനും സഹായിക്കും. കൂടാതെ ഇത് ഇൻസുലിൻ പ്രതിരോധം കുറയ്ക്കുകയും ചെയ്യും.