ശരീരത്തിൽ സോഡിയം കുറഞ്ഞാൽ എന്തു ചെയ്യണം? എന്താണ് ഹൈപോനട്രീമിയ?

  1. Home
  2. Health&Wellness

ശരീരത്തിൽ സോഡിയം കുറഞ്ഞാൽ എന്തു ചെയ്യണം? എന്താണ് ഹൈപോനട്രീമിയ?

sodium


ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന്, പ്രത്യേകിച്ച് തലച്ചോറിന്റെ ആരോഗ്യത്തിനും രക്തസമ്മർദ്ദം കൃത്യമായി നിലനിർത്തുന്നതിനും അത്യന്താപേക്ഷിതമായ മൂലകമാണ് സോഡിയം. രക്തത്തിൽ സോഡിയത്തിന്റെ അളവ് സാധാരണ നിലയേക്കാൾ (135-145 mmol/ltr) താഴുന്ന അവസ്ഥയെയാണ് 'ഹൈപോനട്രീമിയ' എന്ന് വിളിക്കുന്നത്. ഭക്ഷണത്തിലെ ഉപ്പ്, മുട്ട, മാംസം, പാൽ ഉൽപ്പന്നങ്ങൾ എന്നിവയിലൂടെയാണ് പ്രധാനമായും ശരീരത്തിന് സോഡിയം ലഭിക്കുന്നത്.

അമിതമായ ഛർദി, വയറിളക്കം, കഠിനമായ വെയിലിൽ ജോലി ചെയ്യുന്നത് മൂലമുള്ള വിയർപ്പ് എന്നിവയിലൂടെ ശരീരത്തിൽ നിന്ന് വൻതോതിൽ സോഡിയം നഷ്ടപ്പെടാം. ഇതിനുപുറമെ ഹൃദ്രോഗം, വൃക്കരോഗങ്ങൾ, കരൾരോഗങ്ങൾ എന്നിവയും സോഡിയം കുറയാൻ കാരണമാകാറുണ്ട്. തലകറക്കം, വിട്ടുമാറാത്ത ക്ഷീണം, ഓക്കാനം, പേശിവേദന, മാനസികാവസ്ഥയിലെ മാറ്റങ്ങൾ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. സോഡിയം വളരെ താഴ്ന്ന നിലയിലെത്തിയാൽ അപസ്മാരം, ബോധക്ഷയം, മസ്തിഷ്ക വീക്കം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾക്കും ഇത് വഴിവെച്ചേക്കാം.

പ്രായമായവരിലാണ് സോഡിയം കുറയുന്ന അവസ്ഥ കൂടുതലായി കണ്ടുവരുന്നത്. ചെറിയ തോതിലുള്ള കുറവ് ഉപ്പടങ്ങിയ ആഹാരത്തിലൂടെ പരിഹരിക്കാമെങ്കിലും, ഗുരുതരമായ സാഹചര്യങ്ങളിൽ വിദഗ്ധ ചികിത്സ അത്യാവശ്യമാണ്. രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ കഴിക്കുന്നവരും കഠിനമായ കായികാധ്വാനം ചെയ്യുന്നവരും ഉപ്പിട്ട കഞ്ഞിവെള്ളം പോലെയുള്ള പാനീയങ്ങൾ കുടിക്കുന്നത് ലവണാംശം നിലനിർത്താൻ സഹായിക്കും. ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി എത്രയും വേഗം ഡോക്ടറുടെ സഹായം തേടേണ്ടതാണ്.