ദിവസം മുഴുവൻ ഉന്മേഷത്തോടെയിരിക്കാം; ഈ പ്രഭാത ശീലങ്ങൾ ശീലിച്ചു നോക്കൂ
നമ്മുടെ ഒരു ദിവസത്തിന്റെ ഗതി തീരുമാനിക്കുന്നത് ആ ദിവസത്തെ പ്രഭാത ശീലങ്ങളാണ്. രാവിലെ ഉണർന്നയുടൻ ഫോണിലേക്ക് നോക്കുന്നതോ തിരക്കിട്ട് ജോലികളിലേക്ക് ചാടുന്നതോ പതിവാക്കിയവർക്ക്, ഈ ചെറിയ മാറ്റങ്ങൾ വലിയ പോസിറ്റീവ് എനർജി നൽകും. ദിവസം മുഴുവൻ പോസിറ്റീവ് ആയിരിക്കാൻ സഹായിക്കുന്ന ചില പ്രഭാത ശീലങ്ങൾ താഴെ പറയുന്നവയാണ്.
നേരത്തെ ഉണരാം, തിരക്കില്ലാതെ തുടങ്ങാം
രാവിലെ സമയം തികയുന്നില്ലെന്ന പരാതി ഒഴിവാക്കാൻ അല്പം നേരത്തെ എഴുന്നേൽക്കുന്നത് ശീലമാക്കാം. ഇത് തിരക്കില്ലാതെ കാര്യങ്ങൾ പ്ലാൻ ചെയ്യാനും മാനസികമായി ശാന്തത കൈവരിക്കാനും സഹായിക്കും. ഉണർന്നയുടൻ ഒരു ചെറിയ പ്രാർത്ഥനയിലോ ധ്യാനത്തിലോ ഏർപ്പെടുന്നത് മനസ്സിനെ കൂടുതൽ പോസിറ്റീവ് ആക്കും. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച നന്മകൾക്ക് നന്ദി പറയുന്നതും മനസ്സിന് സന്തോഷം നൽകും.
ശരീരത്തെ ഉണർത്താൻ വ്യായാമവും ഭക്ഷണവും
രാത്രി മുഴുവൻ വിശ്രമത്തിലായിരുന്ന ശരീരത്തെ റീഹൈഡ്രേറ്റ് ചെയ്യാൻ രാവിലെ എഴുന്നേറ്റയുടൻ ഒരു ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കും. തുടർന്ന് അല്പനേരം സ്ട്രെച്ചിങ് വ്യായാമങ്ങളോ ലഘുവായ നടത്തമോ ചെയ്യുന്നത് രക്തയോട്ടം മെച്ചപ്പെടുത്തുകയും ഊർജ്ജം നൽകുകയും ചെയ്യും. പ്രഭാതഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. മുട്ട, ഓട്‌സ്, പഴങ്ങൾ, നട്‌സ് തുടങ്ങിയ പോഷകസമൃദ്ധമായ ആഹാരം പ്രഭാതത്തിൽ ഉൾപ്പെടുത്തുന്നത് ക്ഷീണം മാറ്റാൻ സഹായിക്കും.
ഡിജിറ്റൽ ഡിറ്റോക്സും പ്ലാനിങ്ങും
എഴുന്നേറ്റയുടൻ സോഷ്യൽ മീഡിയ പരിശോധിക്കുന്നത് ഒഴിവാക്കുക. ഉണർന്ന ശേഷമുള്ള ആദ്യ 30 മിനിറ്റ് ഫോൺ മാറ്റിവെക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. പകരമായി ആ ദിവസം ചെയ്യേണ്ട കാര്യങ്ങൾക്ക് മുൻഗണന നിശ്ചയിക്കാൻ അഞ്ച് മിനിറ്റ് നീക്കിവെക്കാം. ഇത് ജോലിയിൽ വ്യക്തത നൽകും. കിടക്ക ഒതുക്കി വെക്കുന്നതും ചുറ്റുപാടുകൾ വൃത്തിയാക്കുന്നതും ഒരു ക്രമത്തിൽ ദിവസം തുടങ്ങാൻ സഹായിക്കും. പാചകം ചെയ്യുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ ലഘുവായ സംഗീതം ആസ്വദിക്കുന്നതും മനസ്സിനെ കൂടുതൽ ഉന്മേഷഭരിതമാക്കും.
