ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ നാവികർക്ക് പരിക്ക്

  1. Home
  2. International

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ നാവികർക്ക് പരിക്ക്

strait of hormuz


പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഒമാൻ തീരത്തോട് ചേർന്ന് ഇന്ധന ടാങ്കറിന് നേരെ മിസൈൽ ആക്രമണം. പനാമ പതാക വഹിച്ചുള്ള 'എംടി ഓൺ പീസ്' എന്ന വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ 12 ജീവനക്കാർക്ക് പരിക്കേറ്റു. ഇതിൽ 11 പേർ ഇന്ത്യൻ പൗരന്മാരാണ്. ആകെ 19 ജീവനക്കാരുള്ള കപ്പലിൽ 17 പേരും ഇന്ത്യക്കാരായിരുന്നു.

പരിക്കേറ്റവരെ ഒമാൻ നാവികസേനയുടെ സഹായത്തോടെ അൽ കസബയിലെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയതായി മസ്കറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. അന്താരാഷ്ട്ര സമുദ്രപാതകളിലെ വാണിജ്യ കപ്പലുകൾക്കും നാവികർക്കും നേരെയുള്ള ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. സമുദ്ര വാണിജ്യ ഗതാഗതം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും ഇത്തരം ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആവശ്യപ്പെട്ടു.

അതേസമയം, ഹോർമുസ് തീരത്ത് സുരക്ഷ വർദ്ധിപ്പിച്ചതായും അമേരിക്ക ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിർന്നാൽ സർവ്വനാശമായിരിക്കും ഫലമെന്നും ഇറാൻ നാഷണൽ സെക്യൂരിറ്റി കമ്മിഷൻ മുന്നറിയിപ്പ് നൽകി.