ഖത്തർ റാസ് ലഫാനിലെ സ്ഫോടനം: മരിച്ച 13 പേരിൽ 12 പേരും ഇന്ത്യക്കാർ; വിവരങ്ങൾക്കായി ഹെൽപ്പ് ലൈൻ തുറന്ന് ഇന്ത്യൻ എംബസി
ഖത്തറിലെ പ്രമുഖ വ്യവസായ നഗരമായ റാസ് ലഫാനിലെ (Ras Laffan) ഗ്യാസ് വിതരണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരണപ്പെട്ട 13 പേരിൽ 12 പേരും ഇന്ത്യൻ പൗരന്മാരാണെന്ന് സ്ഥിരീകരിച്ചു. ഇറാൻ ആക്രമണ പശ്ചാത്തലത്തിൽ താൽക്കാലികമായി അടച്ചിട്ടിരുന്ന റാസ് ലഫാൻ പ്ലാന്റിൽ ഉൽപ്പാദനം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പുകൾക്കിടെ ഞായറാഴ്ചയായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക (LNG) ഉൽപ്പാദന-കയറ്റുമതി കേന്ദ്രങ്ങളിലൊന്നായ ഇവിടെയുണ്ടായ അപകടത്തിൽ 54 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് കാരണമെന്നും അട്ടിമറി സാധ്യതകളില്ലെന്നും വ്യക്തമാക്കിയ ഖത്തർ അധികൃതർ, പ്ലാന്റിന് പുറത്തേക്ക് ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള യാതൊരുവിധ വാതകച്ചോർച്ചയും ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
അപകടം ദൗർഭാഗ്യകരമാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഈ പ്രയാസമേറിയ സാഹചര്യത്തിൽ ഇന്ത്യൻ എംബസിയും ഖത്തറിലെ മുഴുവൻ ഇന്ത്യൻ സമൂഹവും ഖത്തർ ഗവൺമെന്റിനും അവിടുത്തെ ജനങ്ങൾക്കും ഒപ്പം നിലകൊള്ളുന്നുവെന്ന് എംബസി വ്യക്തമാക്കി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും കാണാതായവർ സുരക്ഷിതരായിരിക്കാൻ പ്രാർത്ഥിക്കുന്നതായും എംബസി കൂട്ടിച്ചേർത്തു.
ദുരന്തവുമായി ബന്ധപ്പെട്ട അടിയന്തര വിവരങ്ങൾക്കും സഹായങ്ങൾക്കുമായി ഖത്തറിലെ പ്രവാസികൾക്ക് ബന്ധപ്പെടാൻ ഇന്ത്യൻ എംബസി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും ഇമെയിൽ വിലാസവും ക്രമീകരിച്ചിട്ടുണ്ട്.
- ഹെൽപ്പ് ലൈൻ നമ്പറുകൾ: +974 55647502, +974 55384683
- ഇമെയിൽ വിലാസം: cons.doha@mea.gov.in
