'ഫാക് കുർബ': ഒമാനിൽ 1,519 തടവുകാർക്ക് മോചനം; ഏറ്റവും കൂടുതൽ പേർ വടക്കൻ ബാത്തിനയിൽ
സാമ്പത്തിക ബാധ്യതകൾ മൂലം ജയിലിലായവരെ സഹായിക്കുന്ന ഒമാനി ലോയേഴ്‌സ് അസോസിയേഷന്റെ 'ഫാക് കുർബ' പദ്ധതിയിലൂടെ ഈ വർഷം 1,519 പേർക്ക് മോചനം. പദ്ധതിയുടെ 13-ാമത് എഡിഷനിലൂടെയാണ് ഇത്രയും പേർ തടവറയിൽ നിന്ന് പുറത്തെത്തിയതെന്ന് അസോസിയേഷൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മോചിതരായവരിൽ ഏറ്റവും കൂടുതൽ പേർ വടക്കൻ ബാത്തിന ഗവർണറേറ്റിൽ നിന്നുള്ളവരാണ് (308 പേർ). മസ്‌കത്ത് (250), തെക്കൻ ബാത്തിന (219), ദോഫാർ (175), ദാഖിലിയ (154) എന്നിങ്ങനെയാണ് മറ്റ് പ്രധാന ഗവർണറേറ്റുകളിലെ കണക്കുകൾ. സിവില്‍, വാണിജ്യ, തൊഴില്‍ കേസുകളിലും കുടുംബ തർക്കങ്ങളിലും സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ കഴിയാതെ ജയിലിലായവർക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.
കടബാധ്യതകൾ മൂലം പ്രയാസപ്പെടുന്നവരെ സഹായിച്ച്, അവർക്ക് കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ അവസരമൊരുക്കുക എന്നതാണ് ഈ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. വ്യക്തികളും സ്ഥാപനങ്ങളും നൽകുന്ന സംഭാവനകൾ ഉപയോഗിച്ചാണ് തടവുകാരുടെ ബാധ്യതകൾ തീർക്കുന്നത്. കഴിഞ്ഞ 13 വർഷത്തിനിടെ ആകെ 9,717 പേർക്ക് ജയിൽ മോചനം നൽകാൻ ഈ കാരുണ്യ സംരംഭത്തിന് സാധിച്ചിട്ടുണ്ട്.
