അബൂദബിയിൽ 16 പുതിയ പാർക്കുകൾ കൂടി തുറന്നു; അൽ ഷംഖ ജില്ലയിൽ അത്യാധുനിക സൗകര്യങ്ങൾ

  1. Home
  2. International

അബൂദബിയിൽ 16 പുതിയ പാർക്കുകൾ കൂടി തുറന്നു; അൽ ഷംഖ ജില്ലയിൽ അത്യാധുനിക സൗകര്യങ്ങൾ

abudhabi


നഗരത്തിലെ ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായി അബൂദബിയിലെ അൽ ഷംഖ ജില്ലയിൽ 16 പുതിയ പൊതു പാർക്കുകൾ തുറന്നു. നഗരഗതാഗത വകുപ്പാണ് (DMT) താമസമേഖലകളിലായി വ്യാപിപ്പിച്ചു കിടക്കുന്ന ഈ പാർക്കുകൾ സന്ദർശകർക്കായി തുറന്നു നൽകിയത്. കുടുംബങ്ങൾക്കും താമസക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഇവയുടെ രൂപകൽപ്പന.

വിശാലമായ പുൽത്തകിടികൾക്ക് പുറമെ, എട്ട് ഔട്ട്‌ഡോർ ഫിറ്റ്‌നസ് സോണുകൾ, 25 കളി മൈതാനങ്ങൾ, കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ 26 കളിസ്ഥലങ്ങൾ എന്നിവ ഈ പാർക്കുകളുടെ പ്രത്യേകതയാണ്. കായിക വിനോദങ്ങൾക്കും സാമൂഹിക ഇടപെടലുകൾക്കും മുൻഗണന നൽകിക്കൊണ്ട് നടപ്പാതകൾ, തണൽ ലഭിക്കുന്ന ഇരിപ്പിടങ്ങൾ, പൊതു ഇടങ്ങൾ എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. താമസക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ഔട്ട്‌ഡോർ പ്രവർത്തനങ്ങൾക്കായി സുരക്ഷിതമായ സാഹചര്യം ഒരുക്കുന്നതിനുമാണ് മുൻഗണന നൽകുന്നതെന്ന് ക്യാപിറ്റൽ പ്രോജക്ട്സ് എക്സിക്യൂഷൻ മേധാവി എൻജിനീയർ ഖലീഫ അബ്ദുല്ല അൽ കെംസി പറഞ്ഞു.

അബൂദബിയിലുടനീളം പൊതുസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള ബൃഹത്തായ പദ്ധതിയുടെ ഭാഗമായാണ് അൽ ഷംഖയിലെ ഈ മാറ്റങ്ങൾ. ഇതേ പദ്ധതിയുടെ ഭാഗമായി ഈ വർഷം അൽ ഫലാഹ്, മുഹമ്മദ് ബിൻ സായിദ് സിറ്റി എന്നിവിടങ്ങളിലും സമാനമായ രീതിയിലുള്ള പൊതു പാർക്കുകളും വിനോദ കേന്ദ്രങ്ങളും അധികൃതർ ഒരുക്കിയിരുന്നു.