18.5 മണിക്കൂർ നീണ്ട ശസ്ത്രക്രിയ; ഒട്ടിച്ചേർന്നിരുന്ന ഫിലിപ്പിനോ ഇരട്ടകളെ വേർപെടുത്തി സൗദി സർജന്മാർ
ലോകത്തെ ഏറ്റവും സങ്കീർണ്ണമായ ശസ്ത്രക്രിയകളിലൊന്നിലൂടെ ഒട്ടിച്ചേർന്നിരുന്ന ഫിലിപ്പിനോ ഇരട്ടകളെ സൗദി അറേബ്യയിലെ മെഡിക്കൽ സംഘം വിജയകരമായി വേർപെടുത്തി. ക്ലിയ, മോറിസ് ആൻ എന്നീ കുട്ടികളെയാണ് 18.5 മണിക്കൂർ നീണ്ട അതിസങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ പുതിയ ജീവിതത്തിലേക്ക് നയിച്ചത്.
സൗദി നാഷണൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലുള്ള കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. വിവിധ ഘട്ടങ്ങളിലായി നടന്ന ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതായി മെഡിക്കൽ ആൻഡ് സർജിക്കൽ ടീം തലവൻ ഡോ. അബ്ദുല്ല അൽ റബീഹ അറിയിച്ചു. അത്യാധുനിക സജ്ജീകരണങ്ങളോടെ പ്രഗത്ഭരായ ഡോക്ടർമാരുടെ വലിയൊരു സംഘമാണ് ഈ ദൗത്യത്തിൽ പങ്കാളികളായത്.
ഭരണാധികാരികളുടെ പ്രത്യേക താല്പര്യപ്രകാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടിച്ചേർന്നു ജനിച്ച കുട്ടികളെ വേർപെടുത്തുന്ന സൗദിയുടെ മാനുഷിക പദ്ധതിയുടെ ഭാഗമായാണ് ഇതും നടന്നത്. കുട്ടികൾ ഇപ്പോൾ നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
