2009 ആവർത്തിച്ചു; എൻജിൻ തകരാറിലായ വിമാനം തണുത്തുറഞ്ഞ ഹഡ്‌സൺ നദിയിൽ ഇറക്കി, അത്ഭുതകരമായ രക്ഷപ്പെടൽ

  1. Home
  2. International

2009 ആവർത്തിച്ചു; എൻജിൻ തകരാറിലായ വിമാനം തണുത്തുറഞ്ഞ ഹഡ്‌സൺ നദിയിൽ ഇറക്കി, അത്ഭുതകരമായ രക്ഷപ്പെടൽ

hudson


ന്യൂയോർക്കിലെ ഹഡ്‌സൺ നദിയിൽ വീണ്ടും ഒരു വിമാനത്തിന്റെ അത്ഭുതകരമായ എമർജൻസി ലാൻഡിംഗ്. തിങ്കളാഴ്ച രാത്രിയിൽ സാങ്കേതിക തകരാറിനെത്തുടർന്ന് നിയന്ത്രണം നഷ്ടമായ സെസ്ന 172 ചെറുവിമാനമാണ് തണുത്തുറഞ്ഞ നദിയിൽ പൈലറ്റ് സുരക്ഷിതമായി ഇറക്കിയത്. ലോംഗ് ഐലൻഡിലെ മക്ആർതർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനത്തിന് എൻജിൻ തകരാർ സംഭവിക്കുകയായിരുന്നു. പൈലറ്റും 17 വയസ്സുകാരനായ ട്രെയിനിയും മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തിലേക്ക് തിരികെയെത്താൻ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് പൈലറ്റ് ലിയാം ഡാർസി നദിയിൽ ലാൻഡിംഗിന് ശ്രമിച്ചത്.

ന്യൂ ബർഗ് ബേക്കൺ പാലത്തിന് സമീപത്തുവെച്ച് വിമാനം താഴ്ചയിലേക്ക് പതിച്ചെങ്കിലും പൈലറ്റിന്റെ മനസ്സാന്നിധ്യം വലിയ ദുരന്തം ഒഴിവാക്കി. നദിയിൽ വിമാനം ഇറക്കിയതിന് പിന്നാലെ പൈലറ്റും വിദ്യാർത്ഥിയും നീന്തി രക്ഷപ്പെട്ടു. നിസ്സാര പരിക്കുകളേറ്റ ഇരുവരും നിലവിൽ ചികിത്സയിലാണ്. ഹഡ്‌സണിലെ മറ്റൊരു അത്ഭുതം എന്നാണ് ഈ സംഭവത്തെ ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ വിശേഷിപ്പിച്ചത്. അതിവേഗം രക്ഷാപ്രവർത്തനത്തിനെത്തിയ ഉദ്യോഗസ്ഥരെ ഗവർണർ അഭിനന്ദിക്കുകയും ചെയ്തു.

2009 ജനുവരിയിൽ ഇതേ ഹഡ്‌സൺ നദിയിൽ നടന്ന വിഖ്യാതമായ എമർജൻസി ലാൻഡിംഗിനെ ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവം. അന്ന് പക്ഷികൾ ഇടിച്ച് രണ്ട് എൻജിനുകളും തകരാറിലായ യുഎസ് എയർവേയ്‌സ് വിമാനം പൈലറ്റ് ചെസ്‌ലി സള്ളൻബെർഗർ നദിയിൽ സുരക്ഷിതമായി ഇറക്കി 155 യാത്രക്കാരുടെ ജീവൻ രക്ഷിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം സമാനമായ രീതിയിൽ മറ്റൊരു വിമാനം കൂടി ഹഡ്‌സൺ നദിയിൽ ലാൻഡ് ചെയ്തത് ലോകമെങ്ങും വാർത്തയായിരിക്കുകയാണ്.