35-ാമത് അബൂദബി രാജ്യാന്തര പുസ്തകോത്സവം സെപ്റ്റംബർ 13 മുതൽ
35-ാമത് അബൂദബി രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രമുഖ സാംസ്‌കാരിക വ്യക്തിത്വവും മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും ലൈബ്രറി ഫൗണ്ടേഷൻ ചെയർമാനുമായ മുഹമ്മദ് അൽ മുർറിനെ ആദരിക്കും. അബൂദബി അറബിക് ലാംഗ്വേജ് സെന്റർ പുതുതായി ഏർപ്പെടുത്തിയ 'ഇമാറാത്തി പയനിയേഴ്‌സ്' പുരസ്‌കാരത്തിനാണ് അദ്ദേഹം അർഹനായത്. യു.എ.ഇയുടെ സാംസ്‌കാരിക, സാഹിത്യ മേഖലകൾക്ക് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് ഈ ആദരം.
സെപ്റ്റംബർ 13 മുതൽ 18 വരെയാണ് പുസ്തകോത്സവം നടക്കുന്നത്. മേളയിൽ അൽ മുർറിന്റെ ജീവിതവും നേട്ടങ്ങളും ചിത്രീകരിക്കുന്ന മ്യൂറലും അദ്ദേഹത്തിന്റെ പുസ്തകങ്ങളും അപൂർവ്വ ശേഖരങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക പവലിയനും ഒരുക്കും. അദ്ദേഹത്തിന്റെ സാംസ്‌കാരിക ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ മേളയിൽ പ്രദർശിപ്പിക്കും.
യു.എ.ഇയുടെ സാമൂഹിക മാറ്റങ്ങളെ അടയാളപ്പെടുത്തിയ 12 ചെറുകഥാ സമാഹാരങ്ങളുടെ കർത്താവാണ് അൽ മുർറ്. അദ്ദേഹത്തിന്റെ ലേഖന സമാഹാരങ്ങൾ യു.എ.ഇയിലെ സർവ്വകലാശാല പാഠ്യപദ്ധതിയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. കൾച്ചറൽ ആൻഡ് സയന്റിഫിക് അസോസിയേഷൻ ചെയർമാൻ, ദുബൈ കൾച്ചറൽ കൗൺസിൽ തലവൻ, 'ഗൾഫ് ടൈംസ്', 'അൽ ബയാൻ' പത്രങ്ങളുടെ എഡിറ്റർ ഇൻ ചീഫ് എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
