35-ാമത് ബഹ്‌റൈൻ അന്താരാഷ്ട്ര സംഗീതോത്സവത്തിന് വിപുലമായ തുടക്കം
രണ്ട് മാസം നീണ്ടുനിൽക്കുന്ന 35-ാമത് ബഹ്‌റൈൻ അന്താരാഷ്ട്ര സംഗീതോത്സവം ഒക്ടോബർ, നവംബർ മാസങ്ങളിലായി വിപുലമായ പരിപാടികളോടെ ആരംഭിച്ചു. ജി.സി.സി രാജ്യങ്ങൾ, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ സംഗീതജ്ഞരും ബാൻഡുകളും അടങ്ങുന്ന ഇരുപതിലധികം കലാസംഘങ്ങളാണ് മേളയിൽ അണിനിരക്കുന്നത്. പരമ്പരാഗതവും സമകാലികവുമായ സംഗീത രൂപങ്ങൾ കോർത്തിണക്കിയാണ് ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് (BACA) ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്.
ബഹ്‌റൈൻ നാഷണൽ തിയേറ്റർ, കൾച്ചറൽ ഹാൾ, ടെർമിനൽ 4 ബൈ ബിയോൺ, ദി ഡെസേർട്ട് ഗാർഡൻ, പാരമ്പര്യ സംഗീത കേന്ദ്രങ്ങളായ ദാർ അൽ മുഹറഖ്, ദാർ അൽ റിഫ തുടങ്ങിയ പ്രധാന വേദികളിലാണ് പരിപാടികൾ അരങ്ങേറുന്നത്. ഗായകൻ ഖാലിദ് അൽ ശൈഖ് അവതരിപ്പിച്ച 'തിതക്കർനൈ' സംഗീത നിശയോടെയാണ് മേളയ്ക്ക് തുടക്കമായത്. ഇറ്റലി, ദക്ഷിണ കൊറിയ, ജർമ്മനി, ഈജിപ്ത്, ചൈന, ഇന്ത്യ (യൂസഫ് ഖാൻ നിസാമിയുടെ ഖവ്വാലി സംഘം) തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ സാംസ്കാരിക വിരുന്നുകളും പരമ്പരാഗത നാടോടി സംഗീത പരിപാടികളും മേളയുടെ ഭാഗമായി നടക്കും.
