റിയാദിലെ ഉലയ്യയിൽ 3,600 പെയ്ഡ് പാർക്കിങ് സ്പോട്ടുകൾ ഇന്ന് പ്രവർത്തനം ആരംഭിക്കും
റിയാദ് നഗരത്തിലെ പൊതു പാർക്കിങ് സംവിധാനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഉലയ്യ വാണിജ്യ മേഖലയിൽ 3,600-ലധികം പണമടച്ചുള്ള പാർക്കിങ് സ്പോട്ടുകൾ ഇന്ന് പ്രവർത്തനം ആരംഭിക്കുന്നു. റിയാദ് പാർക്കിങ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
ഉറുബ റോഡ് മുതൽ തെക്കോട്ട് മക്ക റോഡ് വരെയുള്ള ഉലയ്യ റോഡ്, മക്ക റോഡ് മുതൽ ഉറുബ റോഡ് വരെയുള്ള കിങ് ഫഹദ് റോഡ് എന്നിവയ്‌ക്കൊപ്പം ഈ പരിധിയിലെ പ്രധാന തെരുവുകളും പുതിയ പാർക്കിങ് മേഖലയിൽ ഉൾപ്പെടുന്നു. വാണിജ്യ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുക, അനിയന്ത്രിതമായ പാർക്കിങ് തടഞ്ഞ് ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ശനി മുതൽ വ്യാഴം വരെ രാവിലെ എട്ട് മുതൽ അർധരാത്രി 12 വരെയായിരിക്കും പെയ്ഡ് പാർക്കിങ് പ്രവർത്തന സമയം. വെള്ളിയാഴ്ചകളിൽ പാർക്കിങ് പൂർണമായും സൗജന്യമായിരിക്കും. കുറഞ്ഞ സമയത്തേക്ക് വാഹനം നിർത്തുന്നതിന് 15 മിനിറ്റ് വരെ സൗജന്യവും അനുവദിച്ചിട്ടുണ്ട്. റിയാദ് പാർക്കിങ് ആപ്പ് വഴിയോ, വിവര ബോർഡുകളിലുള്ള ക്യുആർ കോഡ് സ്‌കാൻ ചെയ്തോ, പേയ്‌മെന്റ് മെഷീനുകൾ വഴിയോ ഫീസ് അടയ്ക്കാവുന്നതാണ്. റിയാദിൽ ഇതുവരെ 25,000-ത്തിലധികം പണമടച്ചുള്ള പാർക്കിങ് സ്പോട്ടുകൾ പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്.
