ഇന്തൊനേഷ്യയിൽ യാത്രാ കപ്പലിന് തീപിടിച്ചു: അഞ്ച് മരണം, 41 പേരെ കാണാതായി
ഇന്തൊനേഷ്യയിൽ 250-ഓളം യാത്രക്കാരുമായി സഞ്ചരിച്ച 'കെ.എം.പി മുത്യാര സെൻസോസ-2' എന്ന യാത്രാ ഫെറിക്ക് തീപിടിച്ച് അഞ്ച് പേർ മരിച്ചു. അപകടത്തിൽ 41 പേരെ കാണാതായതായി തിരച്ചിൽ-രക്ഷാ ഏജൻസി സ്ഥിരീകരിച്ചു.
മധുര ദ്വീപിന് സമീപം ഞായറാഴ്ച രാവിലെയാണ് ദുരന്തമുണ്ടായത്. സുരബായയിലെ തഞ്ചുങ് പെരാക് തുറമുഖത്ത് നിന്ന് മകാസറിലേക്ക് പോവുകയായിരുന്ന കപ്പലിന് യാത്ര തിരിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തീപിടിക്കുകയായിരുന്നു. ക്യാപ്റ്റൻ വിവരം അറിയിച്ചതിന് തൊട്ടുപിന്നാലെ കപ്പലുമായുള്ള ആശയവിനിമയം നിലച്ചു.
തീപ്പിടിത്തത്തിൽ കപ്പൽ പൂർണമായും കത്തിയമർന്നു. രക്ഷപ്പെടാനായി നിരവധി യാത്രക്കാർ കടലിലേക്ക് ചാടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കപ്പലുകളുടെ സഹായത്തോടെ രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടകാരണത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
