ജപ്പാനിൽ 5.7 തീവ്രതയുള്ള ഭൂചലനം; 22 പേർക്ക് പരിക്ക്
ജപ്പാനിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഭൂചലനത്തിൽ 22 പേർക്ക് പരിക്കേറ്റു. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി വീടുകളുടെയും കടകളുടെയും ജനാലകൾ തകർന്നു. ജപ്പാൻ കാലാവസ്ഥാ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.
പ്രാദേശിക സമയം പുലർച്ചെ 1.04നായിരുന്നു ഭൂചലനം. ഷിസുവോക്ക പ്രിഫെക്ചറിൽ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. കെട്ടിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനിടെ പടികളിൽനിന്ന് വീണാണ് കൂടുതൽ പേർക്കും പരിക്കേറ്റത്.
ഐച്ചി, ഹമാമാത്സു, ക്യോട്ടോ, നാര, ഗിഫു, യമനാഷി തുടങ്ങിയ മേഖലകളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഫുജി പർവതം സ്ഥിതി ചെയ്യുന്ന യമനാഷി മേഖലയിലും ഭൂചലനത്തിന്റെ ആഘാതമുണ്ടായി. എന്നാൽ ടോക്കിയോയിൽ പ്രകമ്പനം അനുഭവപ്പെട്ടില്ല. ഭൂചലനത്തെത്തുടർന്ന് ചില ട്രെയിൻ സർവീസുകൾ തടസ്സപ്പെടുകയും ബുള്ളറ്റ് ട്രെയിനുകൾ വേഗം കുറച്ച് സർവീസ് നടത്തുകയും ചെയ്തു.
വരും ദിവസങ്ങളിലും ശക്തമായ തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് അടുത്ത രണ്ട് മുതൽ മൂന്ന് ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. ഒരാഴ്ചത്തേക്ക് സമാന തീവ്രതയിലുള്ള ഭൂചലനങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഏജൻസി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
