ഇന്നൊവേഷനിൽ 7-സ്റ്റാർ തിളക്കം; ലോകത്തെ ആദ്യ സർക്കാർ സ്ഥാപനമായി ദുബായ് ജിഡിആർഎഫ്എ
ഇമിഗ്രേഷൻ-പാസ്‌പോർട്ട് സേവനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) ആഗോളതലത്തിൽ ചരിത്രനേട്ടം കുറിച്ചു. ഗ്ലോബൽ ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (GInI) 'ഇന്നൊവേഷൻ മെച്യൂരിറ്റി' വിലയിരുത്തലിൽ 7-സ്റ്റാർ പദവി സ്വന്തമാക്കുന്ന ലോകത്തെ ആദ്യ സർക്കാർ സ്ഥാപനമായി ദുബായ് ജിഡിആർഎഫ്എ മാറി. പത്തിൽ ഒൻപത് മാർക്ക് നേടിയാണ് ഈ അഭിമാനകരമായ നേട്ടം കൈവരിച്ചത്.
പുതിയ ആശയങ്ങളെ കേവലം കടലാസിൽ ഒതുക്കാതെ പ്രായോഗിക തലത്തിൽ നടപ്പാക്കി ജനങ്ങൾക്ക് വേഗമേറിയതും നിലവാരമുള്ളതുമായ സേവനം നൽകിയതാണ് ഈ അംഗീകാരത്തിന് പിന്നിൽ. അത്യാധുനിക സാങ്കേതികവിദ്യയുടെയും ഡാറ്റാ അനലിറ്റിക്‌സിന്റെയും സഹായത്തോടെ വിസ, പാസ്‌പോർട്ട് നടപടിക്രമങ്ങൾ ലളിതമാക്കി ഉപഭോക്താക്കളുടെ സമയം ലാഭിക്കാൻ ജിഡിആർഎഫ്എയ്ക്ക് സാധിച്ചു. സുതാര്യമായ ഭരണനിർവഹണം, ജീവനക്കാരുടെ ശാക്തീകരണം, ഭാവിയിലേക്കുള്ള മികച്ച തയ്യാറെടുപ്പുകൾ എന്നിവ ഈ ആഗോള അംഗീകാരത്തിന് മാനദണ്ഡങ്ങളായി.
ഈ നേട്ടം ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തരമായ യാത്രയുടെ പ്രതിഫലനമാണെന്ന് ദുബായ് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു. ദുബായ് ഭരണകൂടത്തിന്റെ കാഴ്ചപ്പാടുകൾ പ്രായോഗിക തലത്തിൽ നടപ്പാക്കാൻ കഴിയുന്നതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു. ഈ നേട്ടത്തോടെ ആഗോള ഗവൺമെന്റ് ഇന്നൊവേഷൻ ഭൂപടത്തിൽ ദുബായിയുടെ സ്ഥാനം ഒന്നുകൂടി ഉയർന്നിരിക്കുകയാണ്.
